കണ്ണൂർ: ആറളം ഫാമിലെ കാട്ടാന ആക്രമണത്തിൽ ദമ്പതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വെള്ളി-ലീല ദമ്പതികളെ കാട്ടാന ചവിട്ടിയരച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആനയുടെ ചവിട്ടിൽ നെഞ്ചും തലയും തകർന്നു. പിന്നീട് ഇരുവരെയും വലിച്ചെറിഞ്ഞതും ശരീരഭാഗങ്ങളിൽ ആഘാതം സൃഷ്ടിച്ചു. ഇത് മരണത്തിന് കാരണമായി.
ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ സ്ഥിരതാമസക്കാരായിരുന്നു ഇവർ. കശുവണ്ടി ശേഖരിക്കാനായാണ് ദമ്പതികൾ ഇവിടെ എത്തിയത്. കാട്ടാന ശല്യം രൂക്ഷമായ മേഖലയാണ് ആറളം. ആന മതിൽ നിർമ്മാണം പൂർത്തിയാക്കാത്തതാണ് കാട്ടാനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങിവരാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
വെള്ളിയും ഭാര്യ ലീലയും കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടതിനു ശേഷം വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മൃതദേഹങ്ങളുമായെത്തിയ ആംബുലൻസ് പൊരിവെയിലത്ത് നടുറോഡിൽ തടഞ്ഞിട്ട് വനം മന്ത്രി വരണമെന്ന് പ്രതിഷേധിക്കുകയും മന്ത്രിയെത്തി തീരുമാനങ്ങൾ പ്രഖ്യാപിച്ചെങ്കിലും നാട്ടുകാർ വലിയ പ്രതിഷേധ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.