ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. അവസാന നാല് കളിയിൽ മൂന്നിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രതീക്ഷയിലാണ്. മികച്ച ഫോം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്.
ഹെസൂസ് ഹിമിനെ പത്തും നോവ സദൂയി ഏഴും ക്വാമി പെപ്ര നാല് തവണയും ലക്ഷ്യം കണ്ടു. എന്നാൽ മധ്യനിരയിലെയും പ്രതിരോധനിലയിലെയും പ്രശ്നങ്ങൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. വ്യക്തി പിഴവുകൾ ആവർത്തിക്കുന്നു. ഇതെല്ലാം മറികടന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയിക്കൊടി പാറിക്കാൻ ആകും എന്നാണ് ടീമിന്റെ താൽകാലിക പരിശീലകനായ ടിജി പുരുഷോത്തമൻ പറയുന്നത്.
16 മത്സരങ്ങളിൽ 6 ജയവും 8 തോൽവിയും രണ്ട് സമനിലയും ഉൾപ്പടെ 20 പോയിന്റുമായി 8ആം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ജയിക്കാനായാൽ ആറാം സ്ഥാനത്തേക്ക് മുന്നേറാനാകും. 24 പോയിന്റുള്ള നോർത്ത് ഈസ്റ്റ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.