ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ വിമർശനവുമായി കേരള ഗവർണർ രാജേന്ദ്ര അർലേഖർ. തമിഴ്നാട് ഗവർണർക്കെതിരെ വന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ വിമർശനം. സുപ്രീം കോടതിയുടെ വിധി പരിധി ലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റ് ആണെന്ന് അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞത്. എന്നാൽ രണ്ടു ജഡ്ജിന് എങ്ങനെയാണ് ഇത്തരത്തിൽ ഒരു വിധി നൽകാൻ സാധിക്കുക എന്നതാണ് ചോദ്യം. ഭരണഘടനയിൽ സമയ പരിധി നിശ്ചയിച്ചിട്ടില്ല, അതുകൊണ്ടുതന്നെ രണ്ട് ജഡ്ജിമാർ ഇരുന്നു സമയപരിധി എങ്ങനെ ഉണ്ടാക്കും. അങ്ങനെയാണെങ്കിൽ പാർലമെന്റ് ആവശ്യമില്ലല്ലോ എന്നും ഗവർണർ ചോദിച്ചു.
മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാർലമെന്റിന്റെ 2 സഭകളും ഭരണഘടന മാറ്റാൻ വേണ്ടി തീരുമാനിക്കുകയാണ് വേണ്ടത്. അതിനുപകരം ആ അധികാരം കൂടി കോടതി എടുക്കുന്നത് ശരിയല്ല. തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട വിഷയം കേട്ട ബെഞ്ച് ഇത് മറ്റൊരു ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു വേണ്ടതെന്നും ഗവർണർ പറഞ്ഞു.