നാൾക്കുനാൾ ടിവി ചാനലുകളിലൂടെ വാർത്ത കാണുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. അധികം പേരും പത്ര വായന ഉപേക്ഷിച്ച് വാർത്തകൾ അറിയുന്നതിന് ടെലിവിഷനിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ ടെലിവിഷനെയും ഉപേക്ഷിച്ച് സ്വന്തം കൈകളിലുള്ള മൊബൈലുകളിൽ വാർത്ത കാണുന്ന രീതിയാണ് ഏവരും അവലംബിക്കുന്നത്. ഈ പ്രവണത വാർത്താ ചാനലുകളുടെ റേറ്റിംഗിനെയും വലിയതോതിൽ ബാധിച്ചിരിക്കുകയാണ്.
കാലകാലങ്ങളായി മുൻനിരയിലുള്ള വാർത്താചാനലാണ് ഏഷ്യാനെറ്റ്. ആ ഏഷ്യാനെറ്റിന്റെ പോലും പ്രേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ബാർക് റേറ്റിംഗ് നില പുറത്തുവരുമ്പോൾ ഏഷ്യാനെറ്റിന്റെ പോയിന്റ് നില 76-ലേക്ക് കൂപ്പുകുത്തിയ നിലയിലാണ്. പോയിൻറ് നില 75-ലേക്ക് താഴ്ന്നിട്ടും ഒന്നാം സ്ഥാനം നിലനിർത്താനായിയെന്നത് മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസിന് ആശ്വാസകരമായ കാര്യം. ഒന്നാം സ്ഥാനം നിലനിർത്താനായെങ്കിലും തൊട്ടുമുന്നിലുളള ആഴ്ചയിലേക്കാൾ 0.9 പോയിൻറ് കുറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിന് തിരിച്ചടിയാണ്.
67 പോയിൻറുമായി റിപോർട്ടർ ടിവിയാണ് റേറ്റിങ്ങ് ചാർട്ടിൽ രണ്ടാം സ്ഥാനത്ത്. മുൻപത്തെ ആഴ്ചയിലേക്കാൾ 0.6 പോയിൻറ് വർദ്ധിപ്പിച്ചാണ് റിപോർട്ടർ 67 പോയിന്റിലേക്ക് എത്തിയത്. 61.74 പോയിൻറുമായി ട്വൻറി ഫോർ ന്യൂസാണ് മൂന്നാം സ്ഥാനത്തുളളത്, ട്വൻറി ഫോറിനും മുൻപത്തെ ആഴ്ചയിലേക്കാൾ 1.2 പോയിൻറ് കൂടിയിട്ടുണ്ട്. മെയിൽ എബി 22+ വിഭാഗത്തിൽ റിപോർട്ടറിനെ പിന്തളളി ട്വൻറി ഫോർ ന്യൂസ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട്.
ആദ്യ മുൻനിര ചാനലുകളിൽ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് മാത്രമാണ് പോയിന്റ് കുറഞ്ഞത്. നാൽപത് വയസിന് മുകളിലുളളവരാണ് ഇപ്പോഴും കേരളത്തിൽ ടെലിവിഷനിൽ വാർത്തയും വാർത്താധിഷ്ഠിത പരിപാടികളും ശ്രദ്ധിക്കുന്നത്. നാൽപ്പതിൽ താഴെയുളള തലമുറയ്ക്ക് വാർത്തകളോട് താത്പര്യമില്ല. ഇനി വാർത്തയുമായി ബന്ധപ്പെട്ട റീൽസോ ഷോട്സോ കണ്ടാൽ തന്നെ അത് മൊബൈൽ സ്ക്രീനിലായിരിക്കും. നാൽപ്പതിന് മുകളിലുളളവർ തന്നെയാണ് ഇപ്പോഴും ക്രിക്കറ്റും ടെലിവിഷനിൽ കാണുന്നത്.
ചാംപ്യൻസ് ട്രോഫി വന്നതോടെ സ്പോർട്സ് ചാനലിലേക്ക് പോയതാണ് മലയാളത്തിലെ വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുറയാൻ കാരണം. മൂന്നാഴ്ചയായി റേറ്റിങ്ങിൽ നാലാം സ്ഥാനം നിലനിർത്തുന്ന മനോരമ ന്യൂസ് ഒൻപതാം വാരത്തിലും നാലാം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ നാലാം സ്ഥാനത്തേക്കുളള പോരാട്ടത്തിൽ മനോരമക്ക് തൊട്ടുപിന്നിൽ ഉണ്ടായിരുന്ന മാതൃഭൂമി ന്യൂസ് ഇക്കുറി വൻവ്യത്യാസത്തിലേക്കാണ് അഞ്ചാം സ്ഥാനത്ത് തുടരുന്നത്.
കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ മനോരമ 36.6 പോയിൻറ് നേടിയപ്പോൾ മാതൃഭൂമി ന്യൂസിന് 29.8 പോയിൻറ് മാത്രമാണുളളത്. കഴിഞ്ഞയാഴ്ച ലഭിച്ച 31.3 പോയിൻറിൽ നിന്നാണ് മാതൃഭൂമി ന്യൂസ് 29.8 പോയിൻറിലേക്ക് വീണത്. പതിവ് പോലെ ജനം ടിവിയാണ് ആറാം സ്ഥാനത്ത്. ജനത്തിന് 9-ാം ആഴ്ചയിൽ 17.4 പോയിൻറാണ് ലഭിച്ചത്. മുൻപുളള ആഴ്ചയിലേക്കാൾ കുറഞ്ഞ പോയിൻറാണ് ജനം ടിവിക്ക് ലഭിച്ചത്.
സിപിഎം സംസ്ഥാന സമ്മേളനകാലം ആയിട്ടും റേറ്റിങ്ങിൽ ഉയർന്ന പോയിൻറ് നേടാൻ കൈരളി ന്യൂസിന് കഴിഞ്ഞിട്ടില്ല. 13.4 പോയിൻറാണ് ഏഴാം സ്ഥാനത്തുളള കൈരളി ന്യൂസിൻെറ സമ്പാദ്യം. 12.5 പോയിൻറുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തുണ്ട്. 6.6 പോയിൻറുമായി മീഡിയാ വൺ ചാനലാണ് ഒൻപതാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുളള മാതൃഭൂമിക്കും ആറാം സ്ഥാനത്തുളള ജനം ടിവിക്കും അവസാന സ്ഥാനക്കാരായ മീഡിയാ വണിനും പോയിന്റ് കുറഞ്ഞത് കുട്ടികൾ ഇരയാക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ വാർത്തയിൽ അവരുടെ മുഖം മറയ്ക്കാതെ സംപ്രേഷണം ചെയ്തത് കൊണ്ടാണെന്ന് പറയപ്പെടുന്നു.
വാർത്താ ചാനലുകളെ രാഷ്ട്രീയപാർട്ടികൾ ബഹിഷ്കരിക്കുകയും മാധ്യമപ്രവർത്തകർക്കെതിരെ വലിയതോതിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്ന കാലഘട്ടം കൂടിയാണിത്. 24 ചാനൽ അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിനെതിരായ സിപിഎം നേതാവ് അരുൺകുമാറിന്റെ നിയമനടപടി ഹാഷ്മിയെ കോടതി വരാന്ത വരെ എത്തിച്ചിരുന്നു. റിപ്പോർട്ടർ ചാനലിനെതിരായ കോൺഗ്രസ് ബഹിഷ്കരണവും ഇപ്പോഴും തുടരുകയാണ്. പ്രവർത്തകരുടെ നിരന്തര ആവശ്യപ്രകാരം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ബഹിഷ്കരണം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു. ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ അന്ന് രൂക്ഷമായി തുറന്നടിച്ചിരുന്നു.
ചാനൽ ബഹിഷ്കരണം പ്രഖ്യാപിച്ചെങ്കിലും റിപ്പോർട്ടർ അവരുടെ നയം തിരുത്താത്ത മട്ടാണ്. അതുകൊണ്ടുതന്നെ പ്രവർത്തകർക്കും നേതാക്കൾക്കും രോക്ഷം വർദ്ധിച്ചു തന്നെ വരികയാണ്. മുമ്പും ഒരിക്കൽ സമാനമായ രീതിയിൽ കോൺഗ്രസ് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിച്ചിരുന്നു. അന്ന് ചാനൽ പ്രതിനിധികൾ ക്ഷമാപണം പറഞ്ഞ ശേഷം ആയിരുന്നു പ്രശ്നങ്ങൾ അവസാനിച്ചത്. എന്നാൽ ഇന്ന് വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുകൂട്ടർക്കും ഇടയിൽ തർക്കം രൂക്ഷമായി തന്നെ തുടരുകയാണ്.
മാനേജ്മെന്റ് നിരന്തരം വിവാദങ്ങളിൽ പെടുന്നതും അവർ ഉൾപ്പെട്ട കേസുകളും ചാനലിന്റെ വിശ്വാസ്യതക്ക് ഭീഷണി ഉയർത്തുകയായിരുന്നു. ഏറ്റവും ഒടുവിൽ കോൺഗ്രസ് തുടരുന്ന ബഹിഷ്കരണവും ചാനലിന് വിനയായി മാറി. കലോത്സവ സമയത്തെ റിപ്പോർട്ടിംഗ് ചാനൽ മേധാവി അരുൺകുമാറിനെ ഉൾപ്പെടെ കോടതി വരാന്ത കയറ്റിയിരുന്നു. അതിനുപുറമേ വെഞ്ഞാറമൂട്ടിൽ കൊലപാതക റിപ്പോർട്ടിങ്ങും രൂക്ഷവിമർശനത്തിന് ഇടവരുത്തിയിരുന്നു. മറ്റ് ചില മാധ്യമങ്ങളുടെയും പ്രവർത്തന രീതി സജീവമായ വിമർശനങ്ങൾക്ക് ഇടവരുത്തുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ മാധ്യമ സ്ഥാപനങ്ങളെയും പ്രവർത്തകരെയും ഉൾപ്പെടുത്തിയുള്ള ട്രോളുകളും സജീവം തന്നെയാണ്..