കൊച്ചി:കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് മറ്റന്നാൾ.അന്താരാഷ്ട്ര തലത്തിലുൾപ്പെടെ ശ്രദ്ധേയമായിട്ടുള്ള നൂറിലധികം കമ്പനികൾ പങ്കെടുക്കുന്ന കോൺഫറൻസ് ഓഗസ്റ്റ് 23ന് കൊച്ചിയിൽ വച്ചാണ് സംഘടിപ്പിക്കുന്നത്. റോബോട്ടിക്സ് സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നാം പുതിയ വ്യവസായ നയം രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.ഇന്ത്യയിൽ നാലാം വ്യവസായ വിപ്ലവ മേഖലയിലെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മേഖലയിൽ കടന്നുവരുന്ന സംരംഭങ്ങൾക്ക് മികച്ച ഇൻസന്റീവുകളും സബ്സിഡികളും മറ്റ് സഹായങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭ്യമാകും. റോബോട്ടിക്സ് സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതന റോബോട്ടിക് വാണിജ്യവൽക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നുണ്ട്.