കേരളത്തിലെ ടൂറിസ വികസനത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയും ചർച്ചയിൽ പങ്കെടുത്തു. കേരളത്തിൻ്റെ ടൂറിസം വികസനത്തിൽ കേന്ദ്ര സർക്കാരിൻ്റെ പിന്തുണ അഭ്യർത്ഥിച്ചുവെന്നും കേരളത്തിലെ ബീച്ച് ടൂറിസത്തിൻ്റെ വികാസത്തിന് CRZ നിയമ ഇളവുകളും, വെൽനസ് ടൂറിസത്തിന് സ്പെഷ്യൽ പാക്കേജും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിഎന്നും മുഹമ്മദ് റിയാസ് തന്റെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കൂടാതെ കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ വരുന്ന അറബ് രാജ്യങ്ങളിലെ ടൂറിസം ട്രാവൽ മാർട്ടിൽ ഇന്ത്യ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തുവെന്നും അദ്ദേഹം കുറിച്ചു. കേരളത്തിന്റെ ടൂറിസം വികസനത്തിൻ്റെ വേഗത വർദ്ധിപ്പിക്കാൻ ഈ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഹമ്മദ് റിയാസ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.