കൊല്ലം: ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടാം പ്രതി അനിതകുമാരിക്ക് ജാമ്യം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ തുടരന്വേഷണ അപേക്ഷ കോടതി അംഗീകരിച്ചു. കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം.
അതേസമയം, ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാണ് മൂവര്‍ സംഘം ക്യത്യം നടത്തിയത്. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്.