സി.പി.ഐ.എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി.ജയരാജനെ പാർട്ടി തുടർച്ചയായ അവഗണനകളാൽ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും പുറത്താക്കിയ ജയരാജനെ ഏപ്രിലിൽ സി.പി.ഐ. എം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മറ്റിയിൽ നിന്നും ഒഴിവാക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സീനിയറായ ഇ.പി.ജയരാജനെ തഴഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരാക്കിയതെന്നും ചെറിയാൻ ഫിലിപ്പ് ചുണ്ടിക്കാട്ടി.
1980-ൽ ഡി.വൈ.എഫ്.ഐ യുടെ പ്രഥമ പ്രസിഡണ്ടായ ജയരാജനെ ഒരിക്കൽ പോലും സി.പി.ഐ. എം പോളിറ്റ്ബ്യൂറോയിൽ ഉൾപെടുത്തിയില്ല. കേരളത്തിൽ നിന്നുള്ള നിലവിലെ പി.ബി.അംഗങ്ങളായ എം.എ.ബേബി, എം.വി.ഗോവിന്ദൻ എന്നിവർ ജയരാജനേക്കാൾ ജൂനിയറാണ്. പിണറായി വധശ്രമത്തിൽ വാടക കൊലയാളികൾക്ക് ഇരയായത് ജയരാജനാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കഴുത്തിന് വെടിയേറ്റ ജയരാജൻ മുപ്പതു വർഷമായി ചികിത്സയിലാണ്. അസഹനീയമായ കഴുത്തു വേദനയും ശ്വാസതടസ്സവും മൂലം ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വി.എസ് – പിണറായി ചേരിപ്പോരിൽ പിണറായി പക്ഷത്തിന്റെ പ്രധാന പോരാളി ജയരാജനായിരുന്നു. ലാവലിൻ കേസിൽ സി.ബി.ഐ പിണറായി വിജയനെ പ്രതിയാക്കിയപ്പോൾ ‘പോടാ പുല്ലേ സി.ബി.ഐ, എന്ന മുദ്രാവാക്യമാണ് ജയരാജൻ മുഴക്കിയത്. ദേശാഭിമാനിക്കു വേണ്ടി ജയരാജൻ രണ്ടു കോടി രൂപ വാങ്ങിയത് പാർട്ടി തീരുമാനപ്രകാരമായിരുന്നു. പ്രകാശ് ജാവേദ്ക്കറുമായി ജയരാജൻ കൂടിക്കാഴ്ച നടത്തിയത് പാർട്ടിക്കു വേണ്ടിയാണെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.
പാർട്ടിക്കുവേണ്ടി ജീവിതം ഹോമിച്ച ജയരാജൻ തന്റെ ആത്മദുഃഖം ജീവിത സായാഹ്നത്തിൽ ആത്മകഥയിൽ പ്രകടിപ്പിച്ചാൽ അതൊരു തെറ്റായി കാണാൻ ആർക്കും കഴിയില്ല. പക്ഷെ, സി.പി.ഐ.എം ഇപ്പോൾ ജയരാജനെ നക്കിയും ഞെക്കിയും കൊല്ലാനാണ് ശ്രമിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.