ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് അറിയാം. രാത്രി ചേരുന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. തുടർന്ന് നാളെ രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. സത്യപ്രതിജ്ഞ ചടങ്ങിന്റെ ക്രമീകരണങ്ങൾക്കായി ബിജെപി ജനറൽ സെക്രട്ടറിമാരായ വിനോദ് തവ്ഡെ, തരുൺ ചുഗ് എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിലായതിനാലാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത്.
ഒരു ലക്ഷം എൻഡിഎ പ്രവർത്തകർ രാംലീല മൈതാനത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, എൻഡിഎ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താനാണ് കൂടുതൽ സാധ്യത. വനിത മുഖ്യമന്ത്രി എന്ന ആവശ്യം ഉയരുകയാണെങ്കിൽ രേഖ ഗുപ്തയ്ക്ക് നറുക്ക് വീഴും.