കൊല്ലം കളക്ട്രേറ്റ് സ്ഫോടനക്കേസിലെ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഭീകരസംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായിരുന്നു ഇവർ. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കി. കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പ്രതികൾക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. സ്ഫോടനം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്.
2016 ജൂൺ 15 നാണ് കളക്ട്രേറ്റ് വളപ്പിലെ ജീപ്പിൽ ബോംബ് സ്ഫോടനം നടന്നത്. ബോംബ് ടിഫിൻ ബോക്സിൽ കവർ ചെയ്ത് കളക്ട്രേറ്റ് വളപ്പിലെ ജീപ്പിൽ വയ്ക്കുകയായിരുന്നു. മുനിസിഫ് കോടതിക്ക് സമീപത്ത് നിന്ന് രാവിലെ 10 :45 ലോടെ ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ചിറ്റൂര്‍, നെല്ലൂര്‍, മൈസൂരു എന്നിവിടങ്ങളിലും സംഘം സ്ഫോടനം നടത്തിയിരുന്നു.ഷംസൂണ്‍ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.