കൊല്ലം കളക്ട്രേറ്റ് വളപ്പിൽ മുനിസിഫ് കോടതിക്ക് സമീപത്ത് സ്ഫോടനം നടന്ന കേസിലെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. ഭീകരസംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായിരുന്ന അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരാണ് പ്രതികൾ. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ അഞ്ചാം പ്രതി ആയ മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. നാലാം പ്രതിയെ തെളിവുകൾ ഇല്ലാത്തതിനാൽ കോടതി നേരത്തെ തന്നെ വിട്ടയച്ചിരുന്നു. സ്ഫോടനം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്.
2016 ജൂൺ 15 നാണ് കളക്ട്രേറ്റ് വളപ്പിലെ ജീപ്പിൽ ബോംബ് സ്ഫോടനം നടന്നത്. ബോംബ് ടിഫിൻ ബോക്സിൽ കവർ ചെയ്ത് കളക്ട്രേറ്റ് വളപ്പിലെ ജീപ്പിൽ വയ്ക്കുകയായിരുന്നു. മുനിസിഫ് കോടതിക്ക് സമീപത്ത് നിന്ന് രാവിലെ 10 :45 ലോടെ ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ചിറ്റൂര്‍, നെല്ലൂര്‍, മൈസൂരു എന്നിവിടങ്ങളിലും സംഘം സ്ഫോടനം നടത്തിയിരുന്നു. അബ്ബാസ് അലിയുടെ വീട്ടിൽ ബോംബ് നിർമിച്ചശേഷം മധുരയിൽനിന്ന് കൊല്ലം കലക്ടറേറ്റ് വളപ്പിൽ എത്തിയ രണ്ടാം പ്രതി ഷംസൂൺ കരിംരാജ ബോംബ് സ്ഥാപിച്ചു. സ്ഫോടനത്തിന് രണ്ടാഴ്ച മുമ്പ് കരിംരാജ കലക്ടറേറ്റിൽ എത്തി ദൃശ്യങ്ങൾ പകർത്തിയിരുന്നു.