കൊല്ലം ജില്ലയിൽ ഇടതിനെ തുടർച്ചയായി പിന്തുണയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കൊട്ടാരക്കര. നിലവിൽ ധനമന്ത്രി കൂടിയായ പി ബാലഗോപാലാണ് കൊട്ടാരക്കരയിലെ എംഎൽഎ. ഇതിന് മുൻപും തുടർച്ചയായി സിപിഎം തന്നെയാണ് കൊട്ടാരക്കരയിൽ വിജയിച്ചു കയറിയതും. ബാലഗോപാലിന് മുമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് അയിഷ പോറ്റി ആയിരുന്നു. മികച്ച ജനസ്വീകാര്യത ഉണ്ടായിരുന്നിട്ടും അയിഷയെ പരിഗണിക്കാതെ പാർട്ടി സീറ്റ് ബാലഗോപാലിന് നൽകുകയായിരുന്നു.
ഇതോടെ സിപിഎമ്മിന്റെ പാർട്ടി പരിപാടികളിൽ നിന്നുപോലും അവർ അകലം പാലിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും പുതിയ തലമുറ കടന്നു വരട്ടെയെന്നും അവർ പ്രഖ്യാപിച്ചിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്നും അവർ പടിയിറങ്ങുകയും ചെയ്തിരുന്നു. ഒരുപിടി വിവാദങ്ങൾക്ക് തിരികൊളുത്തിയായിരുന്നു അയിഷയുടെ രാഷ്ട്രീയ പടിയിറക്കം എന്ന് വേണം പറയുവാൻ. സിപിഎം കമ്മിറ്റികളില്‍ നിന്ന് ഒഴിവായ അയിഷ പോറ്റിക്കായി കോൺഗ്രസ് വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വം അവരുമായി ചർച്ചകൾ ആരംഭിച്ചതായി അറിയുന്നു. സർക്കാരിനെതിരെ ഉയർന്നുനിൽക്കുന്ന വിവാദങ്ങൾക്കൊപ്പം ജനസ്വീകാര്യതയുള്ള ഒരു സ്ഥാനാർത്ഥി കൂടി ഉണ്ടായാൽ അനായാസം ജയിക്കാമെന്ന് യുഡിഎഫ് കരുതുന്നു. അയിഷ കോൺഗ്രസിലേക്ക് എത്തിയാൽ മറ്റൊരു സ്ഥാനാർത്ഥിയെ തേടി യുഡിഎഫ് പോകുന്നതിനുള്ള സാധ്യത കുറവാണ്. അപ്പോഴും കോൺഗ്രസിനുള്ളിൽ സീറ്റ് ആഗ്രഹിക്കുന്ന ചിലരെങ്കിലും ഉണ്ടാക്കുന്ന തലവേദനകൾ യുഡിഎഫിന് കീറാമുട്ടിയായി ഭവിക്കാനും സാധ്യതകളുണ്ട്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് കൊട്ടാരക്കരയിലെ പാർട്ടിയെ നിയന്ത്രിക്കുന്നത്. എംപിയുടെ സന്തതസഹചാരിയായ ഹരികുമാർ സീറ്റിൽ നോട്ടമിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എംപി അത്രകണ്ട് അയിഷയുടെ സ്ഥാനാർത്ഥ്യത്വത്തെ പിന്തുണയ്ക്കുവാൻ സാധ്യതയില്ല.
എന്നാൽ സംസ്ഥാന നേതൃത്വം ഇടപെട്ട് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയാൽ മറിച്ചൊന്നും പറയുവാനും ഇടയില്ല. സിപിഎം ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും അയിഷ പോറ്റിയുടെ ചിറകരിഞ്ഞത് മന്ത്രി ബാലഗോപാലിന്റെ അറിവോടെയാണെന്നാണ് അറിയുന്നത്. മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനീധീകരിച്ച എംഎല്‍എയായിരുന്നു അയിഷ പോറ്റി. വര്‍ഷങ്ങളോളം കൊട്ടാരക്കരയെ പ്രതിനീധികരിച്ച ആര് ബാലകൃഷ്ണയെ പരാജയപ്പെടുത്തിയാണ് അയിഷ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. ഇടതുപക്ഷത്തിന് വളക്കൂറുണ്ടെങ്കിലും കേരള കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണപിള്ളയുടെ പേരിനൊപ്പം ചേർത്തുവെച്ച മണ്ഡലമായിരുന്നു കൊട്ടാരക്കര. മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനും സിപിഐ നേതാവും മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ നായരും ഇവിടെ നിന്നും മത്സരിച്ചു വിജയിച്ചിട്ടുണ്ട്. 1970ല്‍ കൊട്ടറ ഗോപാലകൃഷ്ണൻ കോൺഗ്രസ് സ്ഥാനാർഥിയായി അട്ടിമറി ജയം നേടിയതോടെയാണ് കൊട്ടാരക്കര കളം മാറുന്നത്. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ ആര് ബാലകൃഷ്ണപിള്ള കൊട്ടാരക്കരയുടെ എംഎല്‍എയായി. അഞ്ച് തെരഞ്ഞെടുപ്പ് നീണ്ട യുഡിഎഫ് ചായ്വിന് അന്ത്യം കുറിച്ച് 2006 മുതല്‍ അയിഷ പോറ്റിയിലൂടെ എല്‍ഡിഎഫ് കൊട്ടാരക്കരയെ തിരികെ പിടിക്കുകയായിരുന്നു. 12,087 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു അയിഷയുടെ ആധികാരിക വിജയം.
2011ൽ രണ്ടാമങ്കത്തിനിറങ്ങിയ അയിഷ പോറ്റി ഭൂരിപക്ഷം ഉയര്‍ത്തി ജയം ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ്(ബി) സ്ഥാനാര്‍ഥി എന്‍.എം മുരളിയെ 20,592 വോട്ടിന് തോല്‍പ്പിച്ചു. എല്‍ഡിഎഫ് 53.89% വോട്ടും യുഡിഎഫ് 38.91% വോട്ടും നേടി. ബിജെപിയുടെ വയക്കല്‍ മധുവിന് 6,370 വോട്ട് മാത്രമാണ് നേടാനായത്. 2016ൽ തുടര്‍ച്ചയായ മൂന്ന് വട്ടവും വോട്ട് വിഹിതവും ഭൂരിപക്ഷവും ഉയര്‍ത്തിയാണ് അയിഷ കരുത്ത് തെളിയിച്ചത്. 42,632 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലായിരുന്നു അയിഷ പോറ്റിയുടെ ജയം. കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫിലെത്തിയതോടെ കോണ്‍ഗ്രസ് പ്രധാന എതിരാളിയായി. സ്ഥാനാര്‍ഥിയായ അഡ്വ സവിന്‍ സത്യന് 27.11% വോട്ട് മാത്രമാണ് നേടാനായത്. എന്നാല്‍ രാജേശ്വരി രാജേന്ദ്രനിലൂടെ 24,062 വോട്ട് നേടാന്‍ ബിജെപിക്ക് കഴിഞ്ഞു.കൊട്ടാരക്കര മുന്‍സിപ്പാലിറ്റി, എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നി ഗ്രാമ പഞ്ചായത്തുകളും ചേർന്നതാണ് കൊട്ടാരക്കര നിയമസഭാ മണ്ഡലം. കൊട്ടാരക്കര നഗരസഭ ഭരിക്കുന്നത് എൽഡിഎഫ് ആണ്. കരീപ്ര, മൈലം, കുളക്കട , ഉമ്മന്നൂർ, വെളിയം പഞ്ചായത്തുകളും എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതികൾ തന്നെയാണ് നയിക്കുന്നത്. എഴുകോണ്‍ പഞ്ചായത്തിൽ യുഡിഎഫും നെടുവത്തൂരിൽ എന്‍ഡിഎയും ആണ് അധികാരത്തിലുള്ളത്. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇതിൽ പല ഇടതുകോട്ടകളിലും വിള്ളൽ വീഴുന്നതിനുള്ള സാധ്യതകൾ ഇപ്പോൾ തന്നെ പ്രകടമാണ്. സിപിഎമ്മിനുള്ളിൽ വലിയ തോതിലുള്ള വിഭാഗീയത നിലനിൽക്കുന്നുണ്ട്.
അതിനുപുറമേ സിപിഐയും സിപിഎമ്മും തമ്മിലുള്ള തർക്കങ്ങൾ പതിവാണ്. അയിഷ കോൺഗ്രസിൽ എത്തി സ്ഥാനാർത്ഥിയായാൽ ഇടതുപക്ഷത്തിന്റെ വോട്ടുകൾ പോലും കോൺഗ്രസിലേക്ക് ഒഴുകുന്ന സാഹചര്യവും ഉണ്ടാകും. പാർട്ടി വോട്ടുകളിൽ പോലും വിള്ളൽ വീഴ്ത്തുവാനുള്ള ആത്മബന്ധങ്ങളും കരുത്തും അയിഷയ്ക്ക് ഉണ്ട്. എന്തായാലും അയിഷയുടെ രാഷ്ട്രീയ നീക്കങ്ങളെ കോൺഗ്രസും സിപിഎമ്മും ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.