2026ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളിലാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും. പരസ്പരം അതിവാശിയേറിയ പോരാട്ടത്തിനാകും 2026 സാക്ഷ്യം വഹിക്കുക. ഏത് വിധേനയും അധികാരത്തിൽ തുടരുവാൻ ഭരണത്തിന്റെ അവസാന കാലയളവിൽ ക്ഷേമ പദ്ധതികളുമായി സജീവമാകുന്നതിലുള്ള ആലോചനയിലാണ് സർക്കാർ. കോൺഗ്രസിനും യുഡിഎഫിനും അതിജീവന പോരാട്ടമാണ് വരുന്ന തെരഞ്ഞെടുപ്പ്. എങ്ങനെയും അധികാരത്തിൽ എത്തിയില്ലെങ്കിൽ പിന്നീട് കോൺഗ്രസും ആ മുന്നണിയും ഇവിടെ ഉണ്ടാകില്ല. ബിജെപിക്കും തെരഞ്ഞെടുപ്പ് ഏറെ നിർണായകം തന്നെയാണ്. 13 മണ്ഡലങ്ങൾ ഉള്ള കോഴിക്കോട് ജില്ലാ 2026ൽ ആര് കേരളം ഭരിക്കുമെന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്ന ജില്ലയായി മാറിയേക്കാം. വരുന്ന തെരഞ്ഞെടുപ്പിലെ ശ്രദ്ധകേന്ദ്രം ബേപ്പൂർ മണ്ഡലം തന്നെയാകും.
മികച്ച മന്ത്രിയെന്ന പേര് മുഹമ്മദ് റിയാസിന് ഇന്നുണ്ട്. തകർന്ന് തരിപ്പണമായ ടൂറിസം മേഖലയെ തെല്ലോന്നുമല്ല അദ്ദേഹം മുന്നോട്ട് കൊണ്ടുവന്നത്. പൊതുമരാമത്ത് വകുപ്പും ജനകീയമാക്കുവാൻ ഒട്ടേറെ ഇടപെടലുകൾ റിയാസ് നടത്തിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിച്ച് ബേപ്പൂർ ഇടത് തന്നെ നിലനിർത്തുമെന്നതിൽ സംശയമില്ല. ബാലുശ്ശേരിയുടെ കാര്യത്തിലും മറ്റ് അത്ഭുതങ്ങക്കൊന്നും ഇടയില്ലെന്നാണ് പൊതുവെ പറയപ്പെടുന്നത്. യുഡിഎഫിനോ കോൺഗ്രസിനോ അവിടെ മികച്ച സ്ഥാനാർഥികൾ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. മാത്രവുമല്ല, സച്ചിൻ ദേവ് മണ്ഡലത്തിൽ സജീവസാന്നിധ്യമാണ്. ചെറുപ്പത്തിന്റെ കരുത്ത് വരുന്ന തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ ഇടതിന് കരുത്തുപകരുവാനാണ് സാധ്യത.എലത്തൂർ മണ്ഡലത്തിൽ എൻസിപി തന്നെ വീണ്ടും മത്സരിച്ചാൽ ഇടതുവോട്ടുകൾ പോലും യുഡിഎഫിന് പോകുവാനാണ് സാധ്യത. അതുകൊണ്ട് തന്നെ മണ്ഡലം സിപിഎം ഏറ്റെടുക്കുവാനാണ് സാധ്യത. അങ്ങനെ സിപിഎം ഏറ്റെടുത്താൽ പാർട്ടി ജില്ലാ സെക്രട്ടറി എം മെഹബൂബ് മത്സരിച്ചേക്കും.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്ന ചുമതലകൾ വഹിച്ച മണ്ഡലത്തിൽ വലിയ സ്വാധീനമുള്ള ആളാണ് അദ്ദേഹം. വളരെ ചെറിയ പ്രായത്തിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റായ ആളാണ് മെഹ്ബൂബ്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ്. അതിനൊക്കെ അപ്പുറത്ത് പിണറായി വിജയന്റെയും, മുഹമ്മദ് റിയാസിന്റെയും ഗുഡ് ബുക്കിൽ ഉള്ള ആൾ കൂടിയാണ് അദ്ദേഹം. അങ്ങനെ നോക്കുമ്പോൾ എലത്തൂർ അടുത്ത തവണ ഇടത് തന്നെ നിലനിർത്തും. കൊടുവള്ളിയിൽ യുഡിഎഫിന് വേണ്ടി ലീഗാണ് മത്സരിക്കുന്നത്. നിലവിൽ എംഎൽഎയായ എം കെ മുനീറിനാണ് ഇനിയും അവിടെ സാധ്യതകളുള്ളത്. കൊയിലാണ്ടി നിലവിൽ സിപിഎമ്മിന്റെ കൈവശമുള്ള മണ്ഡലമാണ്. അടുത്ത തവണ കോൺഗ്രസിന്റെ യുവ നേതാവ് കെ എം അഭിജിത്തിലൂടെ മണ്ഡലം തിരിച്ചു പിടിക്കുവാൻ ആണ് യുഡിഎഫ് ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു അഭിജിത്ത്. കടുത്ത മത്സരം കാഴ്ചവെച്ചെങ്കിലും അന്ന് പരാജയപ്പെടുകയായിരുന്നു. അഭിജിത്തിലൂടെ നഷ്ടപ്പെട്ട വോട്ടുകൾ തിരികെ കൊണ്ട് വരുവാനും വിജയിക്കുവാനും കഴിയുമെന്ന് നേതൃത്വം കരുതുന്നു.
പ്രാദേശിക വിഷയങ്ങളും എംഎൽഎയോടുള്ള അവമതിപ്പും മണ്ഡലത്തിൽ ഇടതിന് പ്രതികൂലമായ സാഹചര്യമാണ് നിലവിൽ ഉണ്ടാക്കിയിരിക്കുന്നത്. കോഴിക്കോട് നോർത്ത് മണ്ഡലം നിലവിൽ സിപിഎമ്മിന്റെ കൈവശമാണുള്ളത്. തോട്ടത്തിൽ രവീന്ദ്രനാണ് എംഎൽഎ. കോഴിക്കോട് നോർത്ത് മണ്ഡലം കൈക്കലാക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് ഏറെ പണിയെടുക്കേണ്ട ഒരു കാര്യമാണ്. 2001ന് ശേഷം ഇവിടെ നിന്നും യുഡിഎഫ് പ്രതിനിധികൾ ആരും തന്നെ നിയമസഭയിലേക്ക് എത്തിയിട്ടില്ല. എന്നിരുന്നാലും മികച്ച സ്ഥാനാർത്ഥിയെ നിർത്തിയാൽ മണ്ഡലം കൂടെ പോരുമെന്ന് യുഡിഎഫ് കരുതുന്നു. കോഴിക്കോട് സൗത്ത് നിലവിൽ ഐ എൻ എല്ലിന്റെ കൈവശമുള്ള മണ്ഡലമാണ്. മുൻ മന്ത്രിയായ അഹമ്മദ് ദേവർകോവിൽ ആണ് എംഎൽഎ. യുഡിഎഫിൽ നിന്നും മുസ്ലിം ലീഗാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ ഒരു വനിതയെ നിർത്തിയുള്ള മത്സരം ആയിരുന്നു ലീഗിന് ദോഷം ചെയ്തത്. വരുന്ന തെരഞ്ഞെടുപ്പിൽ മികച്ചൊരു സ്ഥാനാർത്ഥിയെ നിർത്തി സൗത്ത് വിജയം ഉറപ്പിക്കുവാനാണ് ലീഗിന്റെ നീക്കം.
പി.ടി.എ റഹീം ആണ് 2011 മുതൽ കുന്നമംഗലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കുന്ദമംഗലം നിയമസഭാമണ്ഡലം. ഇടതുസ്വതന്ത്രനായ റഹീമിന് മണ്ഡലമാകെ ഒട്ടേറെ വ്യക്തി ബന്ധങ്ങളുണ്ട്. തുടർച്ചയായി എംഎൽഎയായി തന്നെ തുടരുന്നതിൽ ജനങ്ങൾക്ക് താല്പര്യക്കുറവുണ്ട്. അതേസമയം മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തുവാൻ യുഡിഎഫിനും പരിമിതികൾ ഉണ്ട്. സ്വാഭാവികമായും മികച്ച ഒരു സ്ഥാനാർത്ഥിയെ ലഭിച്ചാൽ മണ്ഡലത്തിൽ റഹീം പരാജയപ്പെടുവാനാണ് സാധ്യത. കുറ്റ്യാടിയിലെ നിലവിലെ എംഎൽഎ സിപിഎമ്മിലെ കെ പി കുഞ്ഞഹമ്മദ് കുട്ടിയാണ് . 80,143 വോട്ടുകൾ നേടിയായിരുന്നു മുസ്ലിംലീഗിലെ പാറക്കൽ അബ്ദുള്ളയെ പരാജയപ്പെടുത്തി യുള്ള ഇടതു വിജയം. എന്നാൽ ഇപ്പോൾ പാറക്കൽ അബ്ദുള്ള തന്നെ ഏറെ ശക്തനാണ്. മണ്ഡലത്തിലെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവമാണ് അദ്ദേഹം. വീണ്ടും അബ്ദുള്ളയെ തന്നെ ലീഗ് പരിഗണിക്കുവാൻ ആണ് സാധ്യത. അങ്ങനെയാകുമ്പോൾ കുറ്റ്യാടിയിൽ സിപിഎമ്മിന് അടിതെറ്റുമെന്നതിൽ സംശയമില്ല.
നാദാപുരത്ത് കഴിഞ്ഞ തവണ സിപിഐയിലെ ഇ കെ വിജയൻ കോൺഗ്രസിലെ കെ. പ്രവീൺ കുമാറിനെ 4035 വോട്ടുകൾക്ക് പരാജയപ്പെടുത്തി വിജയം നേടുകയായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാദാപുരം മികച്ച ലീഡ് യുഡിഎഫിന് നൽകിയിരുന്നു. അതുകൊണ്ടുതന്നെ നാദാപുരത്ത് അനായാസം വിജയിക്കുവാൻ കഴിയുമെന്നതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. ഇടതുമുന്നണി കൺവീനർ കൂടിയായ ടിപി രാമകൃഷ്ണനാണ് പേരാമ്പ്രയിലെ നിലവിലെ എംഎൽഎ. 1980 മുതൽ മണ്ഡലം തുടർച്ചയായി ഇടതിനൊപ്പമാണ്. 2026 ളും പേരാമ്പ്രയിൽ മറ്റ് അത്ഭുതങ്ങൾക്കൊന്നും സാധ്യതയില്ല. ഇടത് കൺവീനർ ആയതുകൊണ്ട് തന്നെ രാമകൃഷ്ണൻ മത്സരരംഗത്തേക്ക് കടന്നുവന്നില്ലെങ്കിലും ആരു മത്സരിച്ചാലും എൽഡിഎഫ് വിജയിക്കും.
തിരുവമ്പാടിയിൽ സിപിഎമ്മിന്റെ ലിന്റോ ജോസഫ് ആണ് നിലവിൽ എംഎൽഎ. നിലവിൽ യുഡിഎഫിൽ നിന്നും ലീഗാണ് അവിടെ മത്സരിക്കുന്നത്. ലീഗിൽ നിന്നും കോൺഗ്രസ് മണ്ഡലം ഏറ്റെടുത്താൽ വിജയിക്കുവാൻ കഴിയുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. വടകരയിൽ അടുത്ത തവണയും മറ്റ് അത്ഭുതങ്ങൾക്കൊന്നും വഴി വെക്കാതെ ടിപി ചന്ദ്രശേഖരന്റെ സഹധർമ്മിണി കെ കെ രമ തന്നെ വിജയം തുടരുവാനാണ് സാധ്യത. വിജയിക്കുന്നതിനേക്കാൾ അപ്പുറത്തേക്ക് യുഡിഎഫ് മന്ത്രിസഭ വരുകയാണെങ്കിൽ രമ മന്ത്രിസഭയിലും ഇടം നേടുന്നതിനുള്ള സാധ്യതകളുമുണ്ട്.