കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരൻ മാറുമെന്ന അഭ്യൂഹങ്ങൾ ആരംഭിക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ അദ്ദേഹം മാറുമെന്ന തരത്തിലുള്ള ചർച്ചകളും ഉടലെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം ബാക്കി നിൽക്കെ കെപിസിസി നേതൃത്വത്തിൽ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. അങ്ങനെ വലിയൊരു മാറ്റം സംഭവിക്കുകയാണെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരന് മാറേണ്ടി വരും. നേതൃമാറ്റത്തിലും പുനഃസംഘടനയിലും നേതാക്കളെ പ്രത്യേകം പ്രത്യേകം കണ്ട് കേരളത്തിൻെറ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അപ്രഖ്യാപിത അഭിപ്രായ വോട്ടെടുപ്പ് തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. കെ സുധാകരനെ മാറ്റുന്നതിൽ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം ആരായുകയാണ് ദീപാദാസ് മുൻഷിയുടെ ലക്ഷ്യം. കേരള നേതാക്കളുടെ മനസിലിരിപ്പ് എന്താണെന്ന് അറിഞ്ഞശേഷം കോൺഗ്രസ് അധ്യക്ഷനും രാഹുൽ ഗാന്ധിക്കും റിപോർട്ട് നൽകും.
നേരത്തെ കേരളത്തിൽ മാത്രം ഒതുങ്ങിയിരുന്ന പുനസംഘടന ചർച്ചകളിലാണ് ഇപ്പോൾ ഏറെക്കുറെ പരസ്യമായി ഹൈക്കമാൻഡ് കൂടി ഇടപെടുന്നത്. രമേശ് ചെന്നിത്തലയും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്ക് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മാറട്ടെയെന്ന നിലപാടാണ്. എന്നാൽ മുല്ലപ്പളളി രാമചന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് പോലെ കെ സുധാകരനെ അനായാസം മാറ്റാനാവില്ലെന്ന് നേതാക്കൾക്ക് നല്ല ബോധ്യമുണ്ട്. പ്രവർത്തകർക്കിടയിൽ കെ സുധാകരനോട് വലിയ തോതിലുള്ള താല്പര്യമുണ്ട്. പ്രവർത്തകരെ ആവേശത്തിലാക്കുന്ന പെരുമാറ്റ രീതികളും നിലപാടുകളും ആണ് സുധാകരൻ പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. പ്രവർത്തകരെയും താഴെത്തട്ടിലെ നേതാക്കളെയും ഒരു ഘട്ടത്തിലും സുധാകരൻ തള്ളിപ്പറഞ്ഞിട്ടില്ല. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാണ് പുന:സംഘടന നടത്തേണ്ടത് അനിവാര്യമാണെന്ന നിർദ്ദേശം ഹൈക്കമാൻഡ് ഗൗരവമായി എടുത്തത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ സംഘടനയിൽ ഒരുമയില്ലെന്ന കാര്യം കോൺഗ്രസ് ദേശിയ നേതൃത്വത്തിന് വ്യക്തമായിട്ടുണ്ട്.
ഐക്യം പ്രകടമാക്കാൻ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻറും ഒരുമിച്ച് പത്ര സമ്മേളനം നടത്താനും നിശ്ചയിച്ചിരുന്നു. എന്നാൽ പത്ര സമ്മേളനം നടന്നില്ല.നേതാക്കൾക്കിടയിലെ ഭിന്നത കൊണ്ടാണ് പത്രസമ്മേളനം നടത്താതെ രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾ വിശദീകരിച്ച് പത്രക്കുറിപ്പ് ഇറക്കിയതെന്നാണ് സൂചന. ദേശിയ നേതൃത്വം ഐക്യകാഹളം മുഴക്കിയ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം പാർട്ടിയിലെ ഐക്യമില്ലായ്മയാണ് പുറത്തുവരുന്നത് എന്നതാണ് വിചിത്രമായ കാര്യം. കേരളത്തിലെ കോൺഗ്രസിൻെറ ദൗർബല്യമാണ് ഇതിലൂടെ വെളിവാകുന്നത്. ഇങ്ങനെ പോയാൽ വീണ്ടും പ്രതിപക്ഷത്തേക്ക് കോൺഗ്രസ് എത്തുമെന്ന സൂചനയാണ് പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. തുടർച്ചയായി കോൺഗ്രസ് കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്തുതന്നെയാണ്. അതുകൊണ്ടുതന്നെ ഏതു വിധേനയും അധികാരത്തിൽ എത്തുകയെന്നത് അങ്ങേയറ്റം നിർണായകവുമാണ്. പ്രധാനമായും പ്രതിപക്ഷനേതാവും പാർട്ടിയും രണ്ട് തട്ടിലാണ്.
പ്രതിപക്ഷ നേതാവ് തന്നിഷ്ടപ്രകാരം കാര്യങ്ങൾ നീക്കുന്നുവെന്ന വിമർശനമാണ് നേതൃത്വത്തിൽ പലർക്കും ഉള്ളത്.നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം നിൽക്കുമ്പോൾ കോൺഗ്രസിന് അത് അതിജീവനത്തിന്റെ കൂടി പോരാട്ടമാണ്. ഏതു വിധേനയും അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ അത് കോൺഗ്രസിന് നൽകുക കനത്ത പ്രഹരമാകും. അതുകൊണ്ട് തന്നെ എങ്ങനെയും അധികാരത്തിൽ എത്തുവാനുള്ള പരിശ്രമങ്ങൾ കോൺഗ്രസ് തലപുകഞ്ഞു ആലോചിക്കുകയാണ്. കേരളത്തിനായി പ്രത്യേക ആക്ഷൻ പ്ലാൻ പോലും തയ്യാറാക്കിയതായാണ് ലഭിക്കുന്ന വിവരം. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് നീക്കം. കർണാടക മോഡലിൽ വാർ റൂം സജ്ജീകരണങ്ങളോടെയാണ് കേരളത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. അതുപോലെ ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ സ്ഥിരം സ്ഥാനാർത്ഥികൾ വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് ദേശീയ നേതൃത്വം സ്വീകരിക്കുന്നത്.
കാലകാലങ്ങളായി മത്സരിക്കുന്ന സ്ഥിരം സ്ഥാനാർത്ഥികൾ ചുരുങ്ങിയത് 30 സീറ്റുകളിൽ എങ്കിലും പാർട്ടിയുടെ അഡ്രസ്സ് പോലും ഇല്ലാതാക്കിയ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ജനങ്ങൾക്ക് ഒട്ടും സ്വീകാര്യത ഇല്ലാത്തവരും ഗ്രൂപ്പിന്റെയും ഗോത്രത്തിന്റെയും പേരിൽ സ്ഥാനാർഥികളായി മാറുന്നു. പലർക്കും പരാജയം ഉറപ്പാണെങ്കിലും തെരഞ്ഞെടുപ്പ് സമയത്തെ ചില ലാഭങ്ങളിലാണ് നോട്ടം. ജനസമ്മതി തീരെ കുറവായിട്ടും സ്ഥാനാർത്ഥി കുപ്പായം ലഭിക്കുന്നതിൽ പ്രമുഖ നേതാക്കളുടെ പ്രീതിയും അവർക്ക് അനുകൂലമാകുന്നുണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും ചുരുങ്ങിയത് രണ്ടുമൂന്നു സീറ്റുകളിൽ എങ്കിലും ഇത്തരത്തിലുള്ള സ്ഥിരം സ്ഥാനാർത്ഥികൾ കെട്ടിയിറക്കപ്പെടാറുണ്ട്. തെരഞ്ഞെടുപ്പ് വേളയിൽ മാത്രമാണ് ഇവരെ പലരും കാണാറുപോലുമുള്ളത്. അല്ലാത്തപ്പോഴൊക്കെ ജനങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും അകന്നു നിൽക്കുന്ന ഇത്തരം സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുന്നതിൽ പ്രവർത്തകർക്കും വലിയ തോതിലുള്ള അമർഷം ഉണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞതാണ് ദേശീയ നേതൃത്വം പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പി സി വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ്, റോജി എം ജോൺ തുടങ്ങിയ യുവ മുഖങ്ങളെയും പരിഗണിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ജന സ്വീകാര്യതയുള്ള യുവ നേതാക്കളുടെ മാത്രമേ പാർട്ടി തിരികെ എത്തുകയുള്ളൂയെന്ന ബോധ്യം പല നേതാക്കൾക്കും ഉണ്ട്. ദേശീയ നേതൃത്വം പുനസംഘടനയിൽ വീഴ്ച വരുത്തിയാൽ കനത്ത വിലയാകും സംസ്ഥാനത്ത് കോൺഗ്രസിന് നൽകേണ്ടിവരുക.