കോഴിക്കോട്: കേരളത്തിന്റെ വ്യാവസായിക മേഖലയെ കുറിച്ചുള്ള ശശി തരൂർ എംപിയുടെ ലേഖന വിവാദത്തിൽ ശശി തരൂരിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. തരൂരിന്റെ പ്രസ്താവന ചിലര്‍ വ്യാഖ്യാനിച്ച് വലുതാക്കുകയായിരുന്നു. വലിയ ദ്രോഹമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല. ആ പ്രസ്താവന പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിട്ടില്ലെന്നും കെ സുധാകരന് പറഞ്ഞു. ‘തരൂരിന്റെ പ്രസ്താവന ചില അര്‍ധസത്യങ്ങളുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
ഒരു പ്രസ്താവന നടത്തിയതിൽ ഒരു നേരിയ പ്രശ്നം വന്നപ്പോൾ അത് അവിടെ അവസാനിപ്പിക്കുകയല്ലേ നേതാക്കൾ ചെയ്യേണ്ടത്. താൻ തരൂരിനെ വിളിച്ചിരുന്നു. ഇനി മേലിൽ അത്തരത്തിൽ ഉണ്ടാകരുതെന്ന് പാർട്ടി തലത്തിൽ തീരുമാനമെടുത്താൽ അതോടെ പ്രശ്നം തീർന്നു. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ശശി തരൂര്‍ പങ്കെടുക്കില്ലെന്നും’ കെ സുധാകരന് പറഞ്ഞു.