തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ ശമ്പളം നല്കി. 2020നു ശേഷം ആദ്യമായാണ് ശമ്പളം ഒന്നാം തീയതി തന്നെ അക്കൗണ്ടിലെത്തുന്നത്.മാര്‍ച്ചിലെ ശമ്പളമാണ് പൂര്‍ണമായും ഒന്നാം തീയതി തന്നെ നല്‍കിയത്. എന്നാല്‍, എംപാനല്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളം നല്‍കാനായില്ല. ഇവര്‍ക്ക് കുടിശികയുണ്ടായിരുന്ന ഫെബ്രുവരിയിലെ പകുതി ശമ്പളമാണ് ഇന്നലെ ലഭിച്ചത്. മുന്‍പ്, ടോമിന് തച്ചങ്കരി എംഡിയായപ്പോള്‍ 3 മാസം ശമ്പളം ഒന്നാം തീയതി തന്നെ നല്‍കിയിരുന്നു.
എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടും എണ്ണക്കമ്പനികള്‍ക്ക് ഉള്‍പ്പെടെയുള്ള പണം തടഞ്ഞുവച്ചുമായിരുന്നു അന്ന് തുക കണ്ടെത്തിയത്. എസ്ബിഐയില്‍നിന്ന് 100 കോടി രൂപ ഓവര്‍ഡ്രാഫ്റ്റായി എടുത്താണ് ശമ്പളത്തിന് ഇപ്പോള്‍ പണം കണ്ടെത്തുന്നത്. ജീവനക്കാരുടെ ഹിതപരിശോധന പരിഗണിച്ചാണ് അധികൃതരുടെ നടപടിയെന്നും വിലയിരുത്തലുണ്ട്. മേയ് 10നു മുന്‍പ് നടക്കേണ്ട ഹിതപരിശോധനയ്ക്ക് റിട്ടേണിങ് ഓഫിസറെ ചുമതലപ്പെടുത്തി.