മലപ്പുറം : സ്വർണക്കടത്തുമായി ബന്ധപ്പെട്ട തന്റെ പരാമർശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്റെ നന്മക്കുവേണ്ടിയാണ് താൻ പറഞ്ഞതെന്നും കെ.ടി ജലീൽ. ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്നും ഇത് അപകടകരമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ജലീലിന്റെ വിശദീകരണം.
താൻ സദുദ്ദേശ്യത്തോടെയുള്ള ഒരു പരാമർശമാണ് നടത്തിയത്. എന്നാൽ, തന്റെ വാക്കുകൾ വളച്ചൊടിച്ചു. സൈബർ ഇടത്തിൽ പരാമർശം തെറ്റായി പ്രചരിച്ചു. സ്വർണം കടത്തിയവരിൽ മത പണ്ഡിതന്മാരുമുണ്ട്. ലീഗ് വേദികളിൽ ഇവർ സംസാരിക്കാനെത്തി. ലീഗിന് ഇത് ഇപ്പോഴും തെറ്റാണെന്നറിയില്ല. ലീഗ് നിഷേധിച്ചാൽ പണ്ഡിതന്റെ പേര് വെളിപ്പെടുത്തും. തിരുത്തൽ വേണ്ടത് സമുദായത്തിൽനിന്ന് തന്നെയാണ് – ജലീൽ പറഞ്ഞു.
സ്വർണക്കടത്തിൽ പങ്കാളികളാകുന്ന ഭൂരിഭാഗം മുസ്ലിംകളും ഇത് മതവിരുദ്ധമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ജലീലിന്റെ പ്രസ്താവന നികൃഷ്ടമാണെന്നാണ് സലാം മറുപടി നൽകിയത്. മുസ്ലിം സമൂഹമാണ് കള്ളക്കടത്ത് നടത്തുന്നതെന്നാണ് ജലീൽ പറയുന്നത്.
ബി.ജെ.പി നേതാക്കൾ പോലും അങ്ങനെ പറയില്ലെന്നും സലാം കുറ്റപ്പെടുത്തി. കരിപ്പൂർ വിമാനത്താവളത്തിൽ മാത്രമല്ല, കണ്ണൂരിലും തിരുവനന്തപുരത്തും കൊച്ചിയിലും കള്ളക്കടത്ത് നടക്കുന്നുണ്ട്. സ്വന്തം രാഷ്ട്രീയ നിലനിൽപിനും സ്ഥാനമാനങ്ങളും പദവികളും നേടിയെടുക്കാൻ ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്ന നിലപാട് അപകടകരമാണ്. ജലീലിന്റെ പ്രസ്താവനക്ക് പിന്നിൽ സ്വാർഥ താൽപര്യവും സി.പി.എമ്മിനെ തൃപ്തിപ്പെടുത്തലുമാണെന്നും സലാം ആരോപിച്ചു.
സ്വർണക്കടത്ത് കേസുകളിൽ പിടിക്കപ്പെടുന്നവരിൽ കൂടുതലും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണെന്ന് ആവർത്തിച്ച് കെ.ടി. ജലീൽ ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. സ്വർണക്കടത്ത് മതവിരുദ്ധമാണെന്ന് പറയാൻ ഖാളിമാർ തയാറാവണം. ഈ പ്രശ്നത്തെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തിൽ നടത്താൻ മലപ്പുറം പ്രേമികൾ ഉദ്ദേശിക്കുന്നതെന്നും ജലീൽ ചോദിച്ചിരുന്നു.