കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കുന്നത്തൂർ. ജില്ലയിലെ പട്ടികജാതി സംവരണ നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് കൂടിയാണ് കുന്നത്തൂർ. കിഴക്കേ കല്ലട , മൺറോ ദ്വീപ് , കുന്നത്തൂർ , മൈനാഗപ്പള്ളി , പോരുവഴി , ശാസ്താംകോട്ട , ശൂരനാട് വടക്ക് , ശൂരനാട് തെക്ക് , പടിഞ്ഞാറൻ കല്ലട , പവിത്രേശ്വരം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ നിയമസഭാ മണ്ഡലം. 1965 വരെ കുന്നത്തൂർ നിയോജകമണ്ഡലം രണ്ടംഗ മണ്ഡലമായിരുന്നു.
1967 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ഇത് ഔദ്യോഗികമായി പട്ടികജാതി സംവരണ മണ്ഡലമായി മാറുകയായിരുന്നു. കോവൂർ കുഞ്ഞുമോനാണ് 2001 മുതൽ കുന്നത്തൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ആർഎസ്പിയുടെ ഭാഗമായിരുന്ന കോവൂർ കുഞ്ഞുമോൻ ആർഎസ്പി പൂർണമായും യുഡിഎഫിലേക്ക് എത്തിയപ്പോൾ ആ തീരുമാനത്തിനൊപ്പം നിൽക്കാതെ 2016ൽ ആർഎസ്പി(എൽ) എന്ന പേരിൽ മറ്റൊരു പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ ഇടതു പിന്തുണയോടെ മത്സരിക്കുകയായിരുന്നു. അതുവരെ ഉണ്ടായിരുന്ന പാർട്ടിയിൽ നിന്നും മാറിനിന്നു മത്സരിച്ചപ്പോഴും വിജയം കുഞ്ഞുമോന് ഒപ്പം തന്നെയായിരുന്നു. പിന്നീട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷം നേടി അല്ലെങ്കിലും കുഞ്ഞുമോൻ തന്നെ മണ്ഡലത്തിൽ നിന്നും വിജയം നേടി.
2001 മുതൽ 2016 വരെ എതിരാളികളെ പോലും തകർത്തു തരിപ്പണം ആക്കിയായിരുന്നു കുഞ്ഞുമോന്റെ നിയമസഭയിലേക്കുള്ള എൻട്രി. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശരിക്കും കുഞ്ഞുമോൻ ഏറെ വിയർത്തായിരുന്നു വിജയിച്ചു വന്നത്. വെറും 2,790 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രമായിരുന്നു കുഞ്ഞുമോന് വിജയിക്കുവാൻ കഴിഞ്ഞിരുന്നത്.
കാലാകാലങ്ങളായി മണ്ഡലത്തെ നയിക്കുന്ന കുഞ്ഞുമോന് കാര്യമായ വികസന പ്രവർത്തനങ്ങൾ ഒന്നും മണ്ഡലത്തിൽ കൊണ്ടുവരുവാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും എല്ലാ മേഖലകളിലും വളരെയധികം പിന്നിൽ നിൽക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കുന്നത്തൂർ. എംഎൽഎയെന്ന നിലയിൽ കുഞ്ഞുമോൻ ആകട്ടെ തികഞ്ഞ പരാജയവും. കുഞ്ഞുമോനെ അടുത്ത തവണ പരാജയപ്പെടുത്തുവാൻ കഴിയുമെന്ന ഉറപ്പിലാണ് യുഡിഎഫ് നേതൃത്വം. അതിനുവേണ്ടി കഴിഞ്ഞതവണ കുഞ്ഞുമോനെ വിറപ്പിച്ച ഉല്ലാസിനെ തന്നെയാണ് യുഡിഎഫ് രംഗത്തിറക്കുവാൻ ആലോചിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കുന്നത്തൂരിലെ ആർഎസ്പി സ്ഥാനാർഥി ആയിരുന്ന കോവൂർ കുഞ്ഞുമോൻ്റെ വിജയത്തിനായി രാപകൽ ഇല്ലാതെ ഓടി നടന്ന ആളായിരുന്നു അർധ സഹോദരനും ആർവൈഎഫ് നേതാവുമായിരുന്ന ഉല്ലാസ് കോവൂർ. സംസ്ഥാന രാഷ്ട്രീയത്തിലും ആർഎസ്പി നിലപാടുകളിലും കാതലായ മാറ്റങ്ങളുണ്ടായപ്പോൾ ഇരുവരും ഇരുചേരികളിലേക്ക് മാറി. ഉല്ലാസ് കോവൂർ ആർഎസ്പിക്കൊപ്പം ഉറച്ച് നിന്നപ്പോൾ, ആർഎസ്പിയോട് കലഹിച്ച് പുറത്തിറങ്ങിയ കുഞ്ഞുമോൻ ആർഎസ്പി ലെനിനിസ്റ്റ് എന്ന സ്വന്തം പാർട്ടിയുണ്ടാക്കി.
2016 ലെ തെരഞ്ഞെടുപ്പിൽ കോവൂർ കുഞ്ഞുമോനെ ഇടത് സ്വതന്ത്രനാക്കി എൽഡിഎഫ് മത്സരിപ്പിച്ചപ്പോൾ യുഡിഎഫിന്റെ ഭാഗമായ ആർഎസ്പി നിയോഗിച്ചത് ഉല്ലാസ് കോവൂരിനെയാണ്. മൺവെട്ടി മൺകോരി ചിഹ്നം മാത്രം വിജയിച്ച് ചരിത്രമുള്ള ആർഎസ്പിയുടെ കുത്തക ആയിരുന്ന കുന്നത്തൂർ ആ തെരഞ്ഞെടുപ്പിൽ കൈവിട്ടു. മൺവെട്ടി മൺകോരിയെ മറികടന്ന് കോവൂർ കുഞ്ഞുമോൻ്റെ ടോർച്ച് അടയാളം ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.
സാധാരണയായി തെരഞ്ഞെടുപ്പ് കാലത്ത് മാത്രം മണ്ഡലത്തിൽ എത്തുകയും പരാജയപ്പെട്ട് കഴിഞ്ഞാൽ പിന്നീടൊരിക്കലും മണ്ഡലത്തിലേക്ക് വരാതിരിക്കുകയും ചെയ്യുന്നതായിരുന്നു യുഡിഎഫ് സ്ഥാനാർഥികളുടെ രീതി. എന്നാൽ പിന്നീടുള്ള അഞ്ച് വർഷവും പാർട്ടിക്കും ജനങ്ങൾക്കുമൊപ്പം പ്രവർത്തിച്ചു എന്നതാണ് ഉല്ലാസ് കോവൂരിൻ്റെ നേട്ടം. മണ്ഡലത്തിൻ്റെ എല്ലായിടത്തും ഉല്ലാസ് കോവൂരിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ചെറുതും വലുതുമായ വിഷയങ്ങളിലെ ഇടപെടൽ, ആർവൈഎഫിനെ സമര സജജ്ജമാക്കി പദയാത്രകൾ, പ്രതിഷേധങ്ങൾ തുടങ്ങി കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ആർഎസ്പി സംസ്ഥാന കമ്മിറ്റിയംഗവും ആർവൈഎഫ് കേന്ദ്ര കമ്മിറ്റിയംഗവുമായ ഉല്ലാസിനായി. അതിന്റെ ഫലമായി കഴിഞ്ഞ തവണ കുഞ്ഞുമോന്റെ ഭൂരിപക്ഷം മൂവായിരത്തിൽ താഴെയായിരുന്നു. കഴിഞ്ഞ തവണ വിജയത്തിന് തൊട്ടടുത്ത് വന്ന് പരാജയപ്പെട്ടതുകൊണ്ടുതന്നെ ഉല്ലാസിനുള്ള സ്വീകാര്യത വീണ്ടും വർദ്ധിക്കുകയായിരുന്നു.
നിലവിൽ ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റായ ഉല്ലാസ് മണ്ഡലത്തിലും യുഡിഎഫിന്റെ പരിപാടികളിലും സജീവമാണ്. 2001 മുതൽ തുടർച്ചയായി നാല് തവണ കുന്നത്തൂരിനെ പ്രതിനിധീകരിച്ച കുഞ്ഞുമോനും മണ്ഡലത്തിൽ ആഴത്തിൽ വേരുകളുണ്ട്. ഓരോ ആളിനെയും പേരെടുത്ത് വിളിക്കാൻ കഴിയുന്ന തരത്തിൽ യുവാക്കൾ മുതൽ വയോധികർ വരെയുള്ളവരിൽ കുഞ്ഞുമോന് അടുപ്പമുണ്ട്. വികസന കാര്യത്തിൽ കുഞ്ഞുമോനെ വിമർശിക്കുന്നവർ പോലും അദ്ദേഹം തെരഞ്ഞെടുപ്പിൽ തോറ്റ് കാണാൻ ആഗ്രഹിക്കുന്നില്ലെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.
എന്നാൽ കുഞ്ഞുമോനും സിപിഎമ്മും തമ്മിൽ ഇപ്പോൾ അത്ര രസത്തിലല്ല. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ കാര്യത്തിൽ വലിയ ശ്രദ്ധയൊന്നും ഇല്ലെങ്കിലും അഞ്ച് ടേം തുടർച്ചയായി വിജയിച്ചതും എല്ലാ ഘട്ടത്തിലും ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിന്നതും കണക്കിലെടുത്ത് മുഖ്യമന്ത്രിയോട് മന്ത്രിസ്ഥാനം കുഞ്ഞുമോൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗണേശനെ മന്ത്രിയാക്കിയ മുഖ്യമന്ത്രി കുഞ്ഞുമോനെ ആക്കിയതുമില്ല.
ആർഎസ്പി ലെനിനിസ്റ്റിനെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും കുഞ്ഞുമോൻ പറഞ്ഞെങ്കിലും അതും മുഖ്യമന്ത്രി ചെവികൊണ്ടില്ല. മുന്നണിയിൽ ഇല്ലാത്തതിനാൽ ബോർഡ് കോർപറേഷൻ സ്ഥാനങ്ങളിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയും കുഞ്ഞുമോനുണ്ട്. അടുത്ത തവണ സിപിഎമ്മിലും സിപിഐയിലും കോവൂർ കുഞ്ഞുമോനെ വീണ്ടും സ്ഥാനാർഥിയാക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്ന മട്ടാണ്. അങ്ങനെയൊക്കെ ആണെങ്കിലും നറുക്ക് കുഞ്ഞുമോന് തന്നെ ഒടുവിൽ കിട്ടുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ കണക്കുകൂട്ടൽ.