ഡല്‍ഹി: ഇന്ത്യാ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ പിന്തുണച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും. നേതൃപദവി മമതയ്ക്ക് നല്‍കണമെന്നും തങ്ങള്‍ പിന്തുണയ്ക്കുമെന്നും ലാലു വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സമാജ്വാദി പാര്‍ട്ടിയും മമതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മമത നയിച്ചാല്‍ അത് ഇന്ത്യാ സഖ്യത്തിന് ശക്തിപകരുമെന്നായിരുന്നു സമാജ്വാദി പാര്‍ട്ടി വക്താവ് ഉദയ്വീര് സിംഗ് പ്രതികരിച്ചത്.
ഇന്ത്യാ സഖ്യത്തിന്റെ നിലവിലെ നേതൃത്വത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയ മമത ബാനര്‍ജി മുന്നണിയെ നയിക്കാന്‍ താന്‍ തയ്യാറാണെന്നും ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സഖ്യത്തിന്റെ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ച സജീവമായത്.
അതേസമയം, മമതയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ മുന്നണിയിലെ കൂടുതല്‍ സഖ്യകക്ഷികള്‍ മമതയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം ഇന്ത്യാ സഖ്യത്തിന് യോജിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തിലും സഖ്യത്തിലെ ഭിന്നത പ്രകടമാണ്.