സെൻട്രൽ ചൈനയിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ നിക്ഷേപം കണ്ടെത്തി. ഏകദേശം 1,000 മെട്രിക് ടൺ ഉയർന്ന ഗുണമേന്മയുള്ള സ്വർണ അയിര് നിക്ഷപമാണ് കണ്ടെത്തിയത്. ഈ ശേഖരത്തിന് ഏകദേശം 83 ബില്യൺ യുഎസ് ഡോളർ മൂല്യം വരുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ 900 മെട്രിക് ടൺ കൈവശമുള്ള ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരമുള്ള രാജ്യമായി ചൈന മാറി. ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോയാണ് പിംഗ്ജിയാങ് കൗണ്ടിയിൽ നിക്ഷേപം സ്ഥിതി ചെയ്യുന്നതായി വാർത്ത പുറത്തുവിട്ടത്. ജിയോളജിസ്റ്റുകൾ 2 കിലോമീറ്റർ ആഴത്തിൽ പിംഗ്ജിയാങ് കൗണ്ടിയിൽ 40 സ്വർണ്ണ സിരകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ സിരകളിൽ മാത്രം ഏകദേശം 300 മെട്രിക് ടൺ സ്വർണം അടങ്ങിയിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഓരോ മെട്രിക് ടൺ അയിരിനും 138 ഗ്രാം വരെ സ്വർണം ലഭിക്കുമെന്ന് കോർ സാമ്പിളുകൾ സൂചിപ്പിക്കുന്നു. ശേഖരം ഇതിലും വലിയ ആഴത്തിൽ ഉണ്ടായേക്കാമെന്ന് സൂചനയുണ്ട്.