സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായി തന്നെ തുടരുകയാണ്. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഒട്ടേറെ പേരാണ് ഏറ്റെടുത്തിരിക്കുന്നത്. യുവാക്കള്‍ക്ക് കേരളത്തില്‍ ജോലി ലഭിക്കുന്നില്ലെന്നാണ് ബിജെപി നേതാവും, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍ തുറന്നടിച്ചത്. ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്കോ, രാജ്യങ്ങളിലേക്കോ യുവാക്കള്‍ക്ക് പോകേണ്ടി വരുന്നുവെന്നും ജാവദേക്കര്‍ പറഞ്ഞു. ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കവെ ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ട സംഭവം പരാമര്‍ശിച്ചാണ് ജാവദേക്കര്‍ ഇക്കാര്യം പറഞ്ഞത്.
ആ സംഭവം വെറും വിസ തട്ടിപ്പല്ലെന്നും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എല്‍ഡിഎഫും, യുഡിഎഫും പൂര്‍ണമായി പരാജയപ്പെട്ടെന്നും ജാവദേക്കര്‍ വിമര്‍ശിച്ചു. അതേസമയം, കേരളത്തിലെ സ്ത്രീകളിൽ 47.1% ഉം പുരുഷന്മാരിൽ 19.3% ഉം തൊഴിൽരഹിതരാണ്. പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സംസ്ഥാനത്ത് വരുന്നില്ല. തന്മൂലം യുവാക്കൾ തൊഴിൽ തേടി മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. അവിടെ അപകട സാധ്യതയുള്ളതും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിലാണ് പലരും ജോലി ചെയ്യുന്നത്. യോഗ്യതയുള്ള യുവാക്കൾക്കുള്ള സർക്കാർ തസ്തികകൾ പോലും നികത്തപ്പെടുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. രാജ്യത്തെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിന്റെ പട്ടികയിൽ കേരളം ഒന്നാംനിരയിലാണ്.
ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കുമൊന്നും യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർഥികളാണ് കേരളത്തിലെ വിവിധ സർവകലാശാലകളിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയി വിദ്യാഭ്യാസം പൂർത്തിയാക്കി എത്തുന്നവർ വേറെയും. ഇവർക്കെല്ലാം തൊഴിൽ എന്ന സ്വപ്നം ഏറെ വിദൂരത്തിൽ ആണെന്നതാണ് യാഥാർത്ഥ്യം. പഠന സർട്ടിഫിക്കറ്റുകൾ കയ്യിൽ പിടിച്ച് തൊഴിൽ തേടി യുവാക്കൾ തലങ്ങും വിലങ്ങും നടക്കുകയാണെന്നർത്ഥം. കോവിഡിന്റെ ആഘാതം കേരളത്തിലെ തൊഴിൽ മേഖലയെ വലിയ രീതിയിലാണ് ബാധിച്ചത്. കോവിഡിനെ തുടർന്ന് വിദേശരാജ്യങ്ങളിൽനിന്ന് പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ നിന്ന് ലക്ഷക്കണക്കിന് യുവാക്കൾ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയതോടെ തൊഴിലില്ലായ്മയുടെ ആഘാതം ഇരട്ടിയായി.
തൊഴിലില്ലായ്മയുടെ രൂക്ഷത വെളിവാക്കുന്നതാണ് കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരുടെ കണക്ക്. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് ഓഫീസും റീജ്യണൽ ഡെപ്യൂട്ടി ഡയക്ടറേറ്റ് ഓഫീസും അടക്കം 110 സംസ്ഥാന എംപ്ലോയ്മെന്റ് ഓഫീസുകളാണ് കേരളത്തിലുള്ളത്. കഴിഞ്ഞ മൂന്നോ നാലോ വർഷങ്ങളായി ശരാശരി 15,000 ത്തിൽ താഴെ നിയമനങ്ങൾ മാത്രമാണ് ഓരോ വർഷവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നടക്കുന്നത്.
എൻജീനീയറിംഗ് ബിരുദധാരികളും ബിരുദാനന്തര ബിരുദം നേടിയവരുമെല്ലാം തൊഴിൽ രഹിതരുടെ കാര്യത്തിൽ മുൻപന്തിയിലുണ്ട്. വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളിൽ കൈവരിച്ച വലിയ നേട്ടംമുലം സാധാരണ തൊഴിലുകളിൽ ഏർപ്പെടാൻ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ മടിക്കുന്നതാണ് കേരളത്തിൽ തൊഴിലില്ലായ്മ വർധിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നവർ പറയുന്നത്.
വൈറ്റ് കോളർ ജോലിവേണമെന്ന നിർബന്ധ ബുദ്ധിയുള്ളവരാണ് വിദ്യാസമ്പന്നരിൽ വലിയ വിഭാഗവും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ തൊഴിൽ ശാലകളുടെ എണ്ണത്തിലുള്ള വലിയ കുറവും തൊഴിർ രഹിതരെ സൃഷ്ടിക്കുന്നുണ്ട്.
നിർമാണ മേഖലയിലും പരമ്പരാഗത തൊഴിൽ മേഖലകളിലും ജോലിയെടുക്കാൻ കേരളത്തിലെ ചെറുപ്പക്കാർ വലിയ തോതിൽ വിമുഖത കാണിക്കുന്നുണ്ട്. ഈ അവസരങ്ങൾ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ മുതലെടുക്കുകയാണ്. അതുകൊണ്ടാണ് കേരളത്തിൽ വലിയ തോതിൽ തൊഴിലില്ലായ്മ രേഖപ്പെടുത്തുമ്പോഴും ലക്ഷക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ ഇവിടെ ജോലിക്കെത്തുന്നത്.
ചെന്നെ, ബംഗളൂരു, മുംബൈ പോലുള്ള മെട്രോ നഗരങ്ങളിൽ ജോലി ചെയ്യാനാണ് കേരളത്തിൽ നിന്നുള്ള വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ഇപ്പോൾ കൂടുതൽ താൽപര്യം കാണിക്കുന്നതെന്ന് സ്വകാര്യ എംപ്ലോയ്മെന്റ് റിക്രൂട്ടിംഗ് ഏജൻസി ഉടമകൾ പറയുന്നു. സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾ കേരളത്തിൽ തഴച്ച് വളരുകയാണ്.
പഠനത്തിന് വേണ്ടിയും മലയാളി യുവത്വം കേരളം വിട്ട് അന്യ രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ മലയാളികൾ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും കുടിയേറ്റം നടത്തി അവിടെ ഒരു മിനി കേരളം സൃഷ്ടിക്കുകയാണ്. ലോകത്തുള്ള 95 ശതമാനം രാജ്യങ്ങളിലും ഇന്ന് മലയാളികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നോർക്ക റൂട്ട്സ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തിലെ 195 രാജ്യങ്ങളിൽ 182 ഇടങ്ങളിലും മലയാളികളുണ്ടെന്നാണ് പറയുന്നത്. ഇനി വരും വർഷങ്ങളിലും മലയാളികൾ നമ്മുടെ നാട് വിട്ട വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. മലയാളികളുടെ ഈ ആഗോള കുടിയേറ്റം രണ്ട് തരത്തിലാണ് കേരളത്തെ ബാധിക്കുന്നത്. അതിൽ ഒന്ന്, നമ്മുടെ സമ്പദ് വ്യവസ്ഥയെ സഹായിച്ചിരുന്ന വിദേശ പണത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നു. മറ്റൊന്ന്, വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ കാര്യം വരുമ്പോൾ ഫണ്ടിന്റെ ഒഴുക്ക് അങ്ങോട്ടേക്ക് പോകുന്നു.
മറ്റൊരു ദുഖസത്യം എന്താണെന്ന് വച്ചാൽ, കേരളത്തിലെ ലക്ഷക്കണക്കിന് വീടുകൾ അടഞ്ഞു കിടക്കുമ്പോൾ ആയിരക്കണക്കിന് കോളേജ് സീറ്റുകളിൽ വിദ്യാർത്ഥികളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. പ്രകൃതി ഭംഗിയെടുത്താലും സാമൂഹിക സാമ്പത്തിക ഘടകങ്ങൾ എടുത്താലും കേരളം ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് യുവാക്കൾ കേരളം വിടുന്നതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. സർക്കാർ സംവിധാനങ്ങളുടെ പാളിച്ചകളും അമിത രാഷ്ട്രീയ ഇടപെടലുകളും ഇതിന് കാരണമാണെന്ന് പൊതുവേ ചൂണ്ടിക്കാട്ടപ്പെടുന്നു.