കൊച്ചി: കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി എൻസിപിയിലെ മേരിക്കുട്ടി സി എമ്മിനെ തെരഞ്ഞെടുത്തു. പഞ്ചായത്തിൽ യുഡിഎഫ് മുന്നോട്ടുവെച്ച അവിശ്വാസ പ്രമേയം വിജയിച്ചതോടെ എൽഡിഎഫ് ഭരണം താഴെ വീഴുകയായിരുന്നു. ഇതോടെയാണ് എട്ടാം വാർഡ് അംഗമായ മേരിക്കുട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റായി സാലി ഫിലിപ്പിനെയും തെരഞ്ഞെടുത്തു.

നാടിനുവേണ്ടി നിരന്തരം നിലകൊണ്ട് ഇപ്പോൾ അതിജീവനത്തിന് വേണ്ടി സമരം ഇരിക്കുന്ന ആശാ പ്രവർത്തകരെ കാണാത്ത സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് എൽഡിഎഫിനുള്ള പിന്തുണ പിൻവലിച്ചതെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു. മേരിക്കുട്ടിക്കും സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ നേരുന്നതായി അദ്ദേഹം പറഞ്ഞു. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. ഷാജി തെങ്ങുംപിള്ളിൽ, കെ കെ ഷംസുദ്ദീൻ, ജില്ലാ പ്രസിഡന്റ് ജയൻ അടൂർ, സംസ്ഥാന സെക്രട്ടറി ബേബി വരിക്കമാക്കൽ തുടങ്ങിയവർ മേരിക്കുട്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.