ഇടുക്കി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ ഒരിടത്ത് ഒഴികെ മറ്റെല്ലായിടത്തും കഴിഞ്ഞതവണ ഇടതുമുന്നണിയാണ് വിജയിച്ചുവന്നത്. തൊടുപുഴയിലെ പിജെ ജോസഫിന്റെ വിജയം മാത്രമാണ് യുഡിഎഫിന് ജില്ലയിൽ ലഭിച്ചത്.
എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ യുഡിഎഫ് അട്ടിമറിക്കുന്നതിനുള്ള സാധ്യതകളാണ് പലരും ചൂട്ടിക്കാട്ടുന്നത്.
ഇതിൽ ഇടുക്കി മണ്ഡലത്തിലെ റോഷി അഗസ്റ്റിന് മാത്രമാണ് എന്തെങ്കിലും സാധ്യതയെങ്കിലും ഇടതുപക്ഷത്ത് ഉള്ളത്. ബാക്കി എല്ലാ മണ്ഡലങ്ങളിലും ഇടതു സ്ഥാനാർത്ഥികൾ പരാജയപ്പെടുന്നതിനാണ് സാധ്യത.
കർഷകരോടും മലയോര പ്രദേശത്തെ ജനങ്ങളോടും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും വന്യജീവി ആക്രമണങ്ങളെ സർക്കാരിന് പ്രതിരോധിക്കുവാൻ കഴിയാത്തത് ഇടതുമുന്നണിയുടെ പരാജയത്തിന്റെ ആക്കം കൂട്ടുന്നതിന് കാരണമായേക്കാം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുഴുവൻ മണ്ഡലങ്ങളിലും മികച്ച മുന്നേറ്റം കാഴ്ച വെച്ചിരുന്നു. തൊടുപുഴ, ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നു. ഇടതു മുന്നണി ഏറെ പ്രതീക്ഷ പുലർത്തിയ ഉടുമ്പഞ്ചോലയിൽ പോലും യുഡിഎഫ് 6760 വോട്ടിന് മുന്നിലായിരുന്നു. ദേവികുളത്ത് 12437, ഇടുക്കിയിൽ 15,595, പീരുമേട്ടിൽ 14,641 എന്നിങ്ങനെയായിരുന്നു യുഡിഎഫ് ഭൂരിപക്ഷം.
ഭരണവിരുദ്ധ വികാരത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ഭൂപ്രശ്നങ്ങളും വന്യജീവി ആക്രമണവും സജീവ ചർച്ചാ വിഷയങ്ങളാണ് ഇടുക്കിയിലെ മണ്ഡലങ്ങളിൽ. അതാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതും ഇനി വരുന്ന തദ്ദേശ -നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുവാൻ പോകുന്നതും.
ഈ കഴിഞ്ഞ സിപിഎം ജില്ലാ സമ്മേളനത്തിൽ വനം വകുപ്പുനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. നിക്ഷേപ തുക തിരികെ ലഭിക്കാതെ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിലും സിപിഎം, ജില്ലയിൽ പ്രതിരോധത്തിലാണ്.
ഉടുമ്പഞ്ചോല മണ്ഡലം ഇടതിന്റെ കോട്ടയാണ്. ഭൂരിപക്ഷം ഓരോ തവണയും വർദ്ധിപ്പിച്ചു കൊണ്ടാണ് എംഎം മണി അവിടെ നിന്നും നിയമസഭയിലേക്ക് എത്തുന്നത്. പഞ്ചായത്തുകൾ മുഴുവനും എൽഡിഎഫ് തന്നെ ഭരിക്കുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎം മണിയുടെ ബൂത്തിൽ ഉൾപ്പെടെ യുഡിഎഫ് ലീഡ് ചെയ്യുകയായിരുന്നു. മാത്രവുമല്ല മണ്ഡലത്തിൽ ഒട്ടേറെ ഭൂമി കയ്യേറ്റങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും കർഷക വിരുദ്ധ സമീപനങ്ങളും സജീവ ചർച്ചാവിഷയങ്ങൾ ആണ്. എംഎൽഎയുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് പരാതിയും പരിഭവവും ഇല്ലെങ്കിലും സർക്കാരിനോടുള്ള അനിഷ്ടം കാരണം ഇനി മണി തന്നെ വീണ്ടും മത്സരിച്ചാലും പരാജയപ്പെടാനാണ് സാധ്യത. ആദ്യ തെരഞ്ഞെടുപ്പിൽ എം എം മണി സേനാപതി വേണുവിനോട് കുറഞ്ഞ വോട്ടുകൾക്കായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ പിന്നീട് ഭൂരിപക്ഷം വലിയതോതിൽ വർധിപ്പിച്ചു. അടുത്ത തവണ സേനാപതി വേണുവിലൂടെ തന്നെ മണ്ഡലം തിരികെ പിടിക്കുവാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
ദേവികുളം മണ്ഡലത്തിലേക്ക് വരുമ്പോൾ അടുത്ത തവണ ഇടതുമുന്നണിക്ക് വിജയിക്കുക അത്രകണ്ട് എളുപ്പമാകില്ല. മണ്ഡലത്തിലെ പ്രധാനപ്പെട്ട സിപിഎം നേതാവായ എസ് രാജേന്ദ്രൻ ഏറെക്കാലമായി സിപിഎമ്മുമായി അത്ര രസത്തിലല്ല. എസ് രാജേന്ദ്രനെ മാറ്റിനിർത്തിയായിരുന്നു സിപിഎം എ രാജയെ എംഎൽഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. വിജയിച്ചെങ്കിലും എ രാജയുടെ സ്ഥാനാർത്ഥിത്വം കാലങ്ങളോളം കോടതി കയറിയിറങ്ങുകയായിരുന്നു. എംഎൽഎയായി തുടരുന്നുണ്ടെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ നിയമസഭ അംഗത്വം കോടതി വരാന്തയിൽ തന്നെയാണ്. ജാതി രാഷ്ട്രീയത്തിന്റെ കടുത്ത സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ദേവികുളം. കോൺഗ്രസിനും സിപിഎമ്മിനും ഒപ്പം മാറിമാറി മണ്ഡലം നിലകൊണ്ടിട്ടുണ്ട്. പെമ്പിളെ ഒരുമൈ നേതാവ് ഗോമതി മണ്ഡലത്തിലെ സജീവസാന്നിധ്യമാണ്. മാണി സി കാപ്പന്റെ പാർട്ടിയായ കെ ഡി പി യിലൂടെ അവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നതിനുള്ള സാധ്യതയും തള്ളിക്കളയുവാൻ കഴിയില്ല . രാജയെ ആകട്ടെ സിപിഎം അടുത്ത തവണ വീണ്ടും പരീക്ഷിക്കുന്നതിനുള്ള സാധ്യതകളും കുറവാണ്. അങ്ങനെ വരുമ്പോൾ സ്വീകാര്യതയുള്ള ഗോമതി മണ്ഡലത്തിൽ നിന്നും ജയിച്ചു കയറിയേക്കാം .
പീരുമേട് മണ്ഡലത്തിൽ സിപിഐ നേതാവായ വാഴൂർ സോമൻ ആണ് നിലവിൽ എംഎൽഎ. 1500ൽ താഴെ വോട്ടുകൾക്കായിരുന്നു സോമന്റെ വിജയം. കോൺഗ്രസ് സ്ഥാനാർഥി സിറിയക് തോമസിനെ പരാജയപ്പെടുത്തിയായിരുന്നു സോമന്റെ വിജയം. അതിനുമുമ്പ് തുടർച്ചയായി സിപിഐയുടെ ബിജിമോൾ വിജയിച്ചിരുന്ന മണ്ഡലമായിരുന്നു പീരുമേട്. പീരുമേട്ടിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ കൃത്യമായ ചർച്ചകൾ ആരംഭിച്ചില്ലെങ്കിലും ആരുതന്നെ മത്സരിച്ചാലും മണ്ഡലത്തിൽ വിജയിക്കുവാൻ കഴിയുമെന്ന് നേതൃത്വം കരുതുന്നു. ഏറെക്കുറെ സർക്കാരിനെതിരായ വലിയ ജനവികാരം നിലനിൽക്കുന്ന കാലത്ത് അത് എളുപ്പവുമാണ്.
തൊടുപുഴ മണ്ഡലം പരിശോധിച്ചാൽ പിജെ ജോസഫ് അടുത്ത തവണ മത്സരിക്കുന്നതിനുള്ള സാധ്യതകൾ കുറവാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ മകനായ അപു ജോസഫ് മണ്ഡലത്തിൽ ജനവിധി തേടാനാണ് സാധ്യത. അവിടെ മറ്റ് അത്ഭുതങ്ങൾക്കൊന്നും വഴിയില്ല. മണ്ഡലം കേരള കോൺഗ്രസിലൂടെ യുഡിഎഫ് തന്നെ നിലനിർത്തുന്നതിനാണ് സാധ്യത. ബാക്കി എല്ലാ മണ്ഡലങ്ങളും കൈവിട്ടു പോകുമ്പോഴും ഇടുക്കി നിയമസഭാ മണ്ഡലം റോഷി അഗസ്റ്റിലൂടെ തന്നെ എൽഡിഎഫ് നിലനിർത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എംഎൽഎ എന്ന നിലയിലും മന്ത്രി എന്ന നിലയിലും മണ്ഡലത്തിൽ റോഷി അഗസ്റ്റിനുള്ള ജന സ്വീകാര്യത ഒരു അവസരം കൂടി നൽകുവാനാണ് സാധ്യത. അപ്പോഴും യുഡിഎഫ് ഒരു മികച്ച യുവ സാരഥിയെ നിർത്തിയാൽ റോഷി പരാജയപ്പെടുകയും ചെയ്യും.
വരുന്ന തെരഞ്ഞെടുപ്പിൽ ഇടുക്കി പോലെ ഒരു മലയോര പ്രദേശത്ത് സ്ഥാനാർഥികളേക്കാൾ പ്രസക്തി അവിടുത്തുകാർ നേരിടുന്ന ഇന്നിന്റെ പ്രശ്നങ്ങൾക്കാകും. ക്രൈസ്തവ സഭകളും സംഘടനകളും ഇടത് സർക്കാരിന് എതിരാണ്. ആ എതിർപ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. ആ പ്രതിഫലനം യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ആകും ഉണ്ടാക്കുക.