മുനമ്പത്തെ ഭൂമി വഖഫ് തന്നെയെന്ന് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയതോടെ വിഷയത്തില്‍ യുഡിഎഫില്‍ കടുത്ത പ്രതിസന്ധി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവ് വിഡി സതീശനും. കാര്യകാരണങ്ങള്‍ സഹിതം ഉയര്‍ത്തിയാണ് ഭൂമി വഖഫിന്റേത് അല്ലെന്ന വാദം സതീശന് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലീഗ് നേതാക്കള്‍ ഒന്നടങ്കം ഈ നിലപാട് തള്ളുകയാണ്.
കഴിഞ്ഞ ദിവസം കെഎം ഷാജി മുനമ്പം വഖഫ് ഭൂമി തന്നെയെന്ന നിലപാട് ആവര്‍ത്തിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും വെറും ഭൂമി പ്രശ്നമെങ്കില്‍ സാദിഖലി തങ്ങള്‍ എന്തിന് ഇടപെടണം എന്നുമായിരുന്നു ഷാജിയുടെ വാക്കുകള്‍.
പിന്നാലെ പിന്തുണയുമായി ഇടി മുഹമ്മദ് ബഷീര്‍ എംപി രംഗത്തെത്തി. പ്രതിപക്ഷ നേതാവല്ല, ആര് പറഞ്ഞാലും മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നത് ശരിയല്ലെന്ന് ഇടി പറഞ്ഞു. വഖഫ് രേഖകളുണ്ട് അതില്‍ തര്‍ക്കമില്ല. വഖഫ് സ്വത്തായി നിലനിര്‍ത്തിക്കൊണ്ട് തന്നെ മുനമ്പത്തെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.
ഇതോടെ വിഷയത്തില്‍ ഇതുവരെ പ്രശ്നപരിഹാരത്തിന് മുന്‍കൈ എടുത്തിരുന്ന ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും പ്രതിരോധത്തിലായി. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നോ അല്ലെന്നോ പറയാതെയായിരുന്നു ഇരുവരുടേയും ഇന്നത്തെ പ്രതികരണം.
മുനമ്പത്തെ താമസക്കാരെ കുടിയിറക്കരുത് എന്നാണ് മുസ്ലിം സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്ന നിലപാടെന്നും പ്രശ്നപരിഹാരം സര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോകുന്നതാണ് ഇത്തരം പ്രസ്താവനകള്‍ക്ക് അവസരം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് മുസ്ലിം സംഘടനകള്‍ പറഞ്ഞിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇതൊരു പ്രശ്നമായി ചര്‍ച്ചയാക്കാത്തത് സാമുദായിക സമാധാനത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വാക്കുകള്‍ അടര്‍ത്തിയെടുത്ത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ഉള്‍പ്പെടെ എല്ലാവരുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞത്. വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞത് നിയമപരമായി പരിശോധിച്ച ശേഷമാണെന്നും സതീശന് വ്യക്തമാക്കി.