കേരള രാഷ്ട്രീയം എപ്പോഴും ട്വിസ്റ്റുകൾ നിറഞ്ഞതാണ്. രാഷ്ട്രീയപാർട്ടികളും മുന്നണികളും അവരുടെ നിലപാടുകളും കേരള രാഷ്ട്രീയത്തിൽ സ്ഥിരതയുള്ളതല്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറിമറിയുന്ന രാഷ്ട്രീയ രീതിയാണ് കേരളത്തിലേത്. പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ ചെലുത്തുന്ന സമ്മർദ്ദങ്ങൾ അധികാര മാറ്റങ്ങൾക്കും നിർണായക സംഭവവികാസങ്ങളിലേക്കും നയിക്കാറുണ്ട്.
ന്യൂനപക്ഷങ്ങൾക്ക് അനുസൃതമായ രാഷ്ട്രീയ സമവാക്യങ്ങൾ കേരളം പൊതുവേ എല്ലാ കാലത്തും ചർച്ച ചെയ്യുന്ന ഒന്നാണ്. വടക്കൻ കേരളത്തിൽ മുസ്ലിംലീഗും മധ്യകേരളത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ന്യൂനപക്ഷങ്ങളുടെ കാവൽക്കാരായി നിലകൊണ്ടു പോരുകയും ആയിരുന്നു. ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ പരിഹാരങ്ങൾ നേടുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇരു പാർട്ടികളും പൊതുവേ നടത്താറുള്ളത്. ടിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസ് കൂടി ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ അകറ്റുക എന്ന ലക്ഷ്യത്തോടെ കേരള രാഷ്ട്രീയത്തിലേക്ക് എൻട്രി ചെയ്യുന്ന പാർട്ടിയാണ്. വന നിയമ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭമായിരുന്നു അൻവർ ലക്ഷ്യം വെച്ചിരുന്നത്. അതു മനസ്സിലാക്കിയ സർക്കാർ വേഗത്തിൽ ബില്ല് ഉപേക്ഷിക്കുകയും ചെയ്തത് മറ്റൊരു തന്ത്രമാണ്.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനും ലീഗിനും ഒപ്പം ചേർന്നുകൊണ്ട് തൃണമൂൽ കോൺഗ്രസും ന്യൂനപക്ഷ വിഭാഗങ്ങളുടെ ഓരം ചേർന്ന് നിന്നുകൊണ്ട് രാഷ്ട്രീയ കേരളത്തിൽ ഒരു സമ്മർദ്ദ ശക്തിയായി രൂപപ്പെടുകയാണ്. അത്തരത്തിൽ ഒരു മുന്നേറ്റം അതിവേഗത്തിൽ സാധ്യമായാൽ അതിന്റെ രാഷ്ട്രീയ ഗുണഭോക്താക്കൾ യുഡിഎഫ് മാത്രമായിരിക്കും. അതേസമയം അതിന്റെ ചില ത്യാഗങ്ങൾ കോൺഗ്രസ് സഹിക്കേണ്ടതായും വരും. മൂന്നുപേരും കൂടി ഒരു സമ്മർദ്ദ ശക്തിയായി ഉയർന്നു വരുമ്പോൾ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ അവർക്ക് വേണ്ടി നൽകേണ്ടതായി വരും. അങ്ങനെയാകുമ്പോൾ കോൺഗ്രസിന്റെ കൈവശമുള്ള സീറ്റുകൾ ആകും ഈ സമ്മർദ്ദം മുന്നണിക്ക് നൽകേണ്ടിവരുക. അത് കോൺഗ്രസിനുള്ളിൽ വലിയ തോതിലുള്ള വിഭാഗീയതയ്ക്കും ചർച്ചകൾക്കും വഴിയൊരുക്കും. ഇപ്പോൾ മത്സരത്തിന് തയ്യാറായിരിക്കുന്ന പല കോൺഗ്രസ് നേതാക്കൾക്കും മത്സരരംഗത്ത് നിന്ന് തന്നെ പിന്മാറേണ്ട സ്ഥിതിയും വന്നേക്കാം. ഇതൊരു തരത്തിലുള്ള വാശിയിലേക്കും അതാത് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പരാജയത്തിനും വഴിയൊരുക്കിയേക്കാം .
അപ്പോഴും എങ്ങനെയും അധികാരം നേടുന്നതിന് വേണ്ടി വിട്ടുവീഴ്ചകൾക്ക് കോൺഗ്രസ് തയ്യാറാക്കുന്നതിനാണ് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷക്കാലം മാത്രം ബാക്കി നിൽക്കെ യുഡിഎഫ് മുന്നണി ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടത് മധ്യകേരളത്തിൽ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് യുഡിഎഫിനുള്ളത്. അത് ഏറെക്കുറെ യാഥാർത്ഥ്യവുമാണ്. മുന്നണി വിട്ടുപോയ മാണി കോൺഗ്രസ്, ആർജെഡി കക്ഷികളുടെ കാര്യത്തിലാണ് ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയുമാണ് അനൌദ്യോഗിക ചർച്ചകളുടെ പിന്നിൽ. മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ഉൾപ്പെടെ നിലവിൽ ഉണ്ടെങ്കിലും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭാവി ശുഭകരമല്ലെന്നാണ് കേരളാ കോൺഗ്രസ് എമ്മിന്റെ വിലയിരുത്തൽ. അനൌദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പാലാ സീറ്റാണ് കേരളാ കോൺഗ്രസ് എമ്മിന്റെ പ്രധാന ആവശ്യം. മാണി സി കാപ്പനെ വഞ്ചിച്ച് പാലാ വിട്ടുനൽകാൻ ഒരുക്കമല്ലെന്ന് കോൺഗ്രസ് നിലപാട് എടുത്തതോടെ മലബാറിൽ സുരക്ഷിത സീറ്റ് ഉറപ്പാക്കി കേരളാ കോൺഗ്രസിനെ തിരികെ എത്തിക്കാൻ ലീഗ് ശ്രമിക്കുന്നുണ്ട്. എൽഡിഎഫിൽ കടുത്ത അവഗണന നേരിടുന്ന എം വി ശ്രേയംസ്കുമാറിന്റെ ആർജെഡിയെ മുന്നണിയിൽ ആദ്യം എത്തിക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ തുടരുന്ന ബിഡിജെഎസ് അധികം വൈകാതെ യുഡിഎഫിലേക്ക് എന്നതിനുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
പാർട്ടി രൂപീകരിച്ചത് മുതൽക്കേ എൻഡിഎ മുന്നണിയിൽ ആയിരുന്ന ബിഡിജെഎസ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഒരു പാർട്ടി എന്ന നിലയിൽ ബിഡിജെഎസിന് എൻഡിഎ മുന്നണിയിൽ നിലനിൽക്കുന്നിടത്തോളം കാലം യാതൊരു മുന്നേറ്റവും സൃഷ്ടിക്കുവാൻ കഴിയില്ലെന്ന തിരിച്ചറിവാണ് പ്രധാന കാരണം. മറ്റൊരു കാര്യം ഭൂരിഭാഗം ബിഡിജെഎസ് അനുകൂലികളും ബിജെപിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നു എന്നതാണ്. ബിഡിജെസിലെ 90 ശതമാനത്തിലേറെ പ്രവർത്തകരും എസ്എൻഡിപിയിലുള്ളരാണ്. അവർക്കെല്ലാം പല കാര്യങ്ങളിലും സിപിഎമ്മിന്റെ ആശയങ്ങളോട് വിയോജിപ്പാണ് ഉള്ളത്.
മുന്നണി എന്ന നിലയില്‍ ബിജെപിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം ഗണ്യമായി ബിജെപിയുടെ വോട്ട് വർദ്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഒരു പരിഗണനയും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ബിഡിജെഎസ് നേതാക്കൾ പറയുന്നു. പ്രത്യേകിച്ച് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശോഭാസുരേന്ദ്രന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് വർദ്ധിപ്പിക്കുവാൻ കഴിഞ്ഞിരുന്നു.
ഈഴവ വോട്ടുകൾ ഒട്ടേറെയുള്ള ആലപ്പുഴ മണ്ഡലത്തിൽ ബിജെപിക്ക് വോട്ട് കൂടിയതിന് പിന്നിൽ ബിഡിജെഎസിന്റെ സാന്നിധ്യമാണെന്ന് നേതാക്കൾ പറയുന്നു. കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രിയാകാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനേക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണ് എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ സമീപകാല പ്രസ്താവന. ബിഡിജെഎസ് യുഡിഎഫിന്റെ ഭാഗമായാൽ പരമാവധി ഈഴവ വോട്ടുകളെ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടുവന്ന് മധ്യകേരളത്തിൽ ശക്തി വർധിപ്പിക്കാമെന്ന് ചില കോൺഗ്രസ് നേതാക്കളെങ്കിലും കരുതുന്നുണ്ട്. നിലവിൽ യുഡിഎഫിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന ആർഎംപിയും യുഡിഎഫിന്റെ ഘടകകക്ഷി ആകുവാനുള്ള സാധ്യതകളുമുണ്ട്. നിലവിൽ കെ കെ രാമ ആർഎംപിയുടെ എംഎൽഎയാണ്. വടകര നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കെ കെ രമയെ പിന്തുണച്ചിരുന്നു. നിയമസഭയ്ക്ക് ഉള്ളിലും പുറത്തും യുഡിഎഫിന്റെ മുഖമായി പലപ്പോഴും കെ കെ രമ മാറിയിട്ടുണ്ട്. തർക്കങ്ങളും വിവാദങ്ങളും ഉണ്ടാകാതെ പരമാവധി ഐക്യത്തോടെ യുഡിഎഫിനെ കെട്ടിപ്പടുക്കുകയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം.