നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ കൂടുതല്‍ സീറ്റ് വേണമെന്ന് മുസ്ലിംലീഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ 25 സീറ്റ് ആയിരുന്നു ലീഗിന് നൽകിയിരുന്നത്. ഇത്തവണ 35 സീറ്റാണ് ലീഗ് ലക്ഷ്യം വെക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വോട്ട് കണക്കും വിജയിച്ച സീറ്റും ഒക്കെയാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ മുന്നോട്ട് വെക്കുന്ന കാരണം. ഈ മാസം അവസാനം ചേരുന്ന ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് ഉന്നത നേതാക്കള്‍ നല്കുന്ന സൂചന.നിലവിലെ സീറ്റുകള്‍ക്ക് പുറമെ 10 സീറ്റ് എങ്കിലും കുറഞ്ഞത് കൂടുതല്‍ വേണം എന്നാണ് ലീഗ് ആവശ്യം. അത്രയും നല്കാന് കഴിയുന്നില്ലെങ്കില്‍ ഏഴ് സീറ്റ് എങ്കിലും കൂടുതല്‍ വേണം. അതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് നേതൃത്വത്തിന്റെ നിലപാട്.
ഇരവിപുരം, തവനൂര്‍, നാദാപുരം, കരുനാഗപ്പള്ളി, പട്ടാമ്പി, കൊയിലാണ്ടി, കണ്ണൂര്‍, ആലുവ എന്നീ സീറ്റുകളാണ് ലീഗ് നോട്ടമിടുന്നത്. ഇതില്‍ ആലുവ വേണമെങ്കില്‍ കളമശേരിയുമായി വെച്ചുമാറാം എന്ന നിലപാടിലാണ്. ഇതിനൊപ്പം മാനന്തവാടി, കൂത്ത്പറമ്പ് എന്നീ മണ്ഡലങ്ങളും ലീഗ് പരിഗണിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും എന്നാണ് അറിയേണ്ടത്.തവനൂര്‍, പട്ടാമ്പി, ഇരവിപുരം, നാദാപുരം എന്നിവിടങ്ങളില്‍ മുസ്ലിംലീഗ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സീറ്റ് ലീഗിനാണ് എന്ന മട്ടില്‍ പ്രചരണം നടത്തുന്നുണ്ട്. കഴിഞ്ഞതവണ കിട്ടിയ പല മണ്ഡലങ്ങളും ലീഗിന് യാതൊരു ശക്തിയും ഇല്ലാത്ത ഇടങ്ങളാണ്. ആ മണ്ഡലങ്ങൾ കോൺഗ്രസുമായി വെച്ചുമാറുവാനും ആലോചന നടക്കുന്നുണ്ട്. തിരുവമ്പാടി പോലെയുള്ള സീറ്റുകൾ ഒരു കാരണവശാലും വേണ്ടെന്ന നിലപാടാണ് ലീഗിന്. അധികം സീറ്റുകൾ ലീഗ് നേരിട്ട് ആവശ്യപ്പെട്ടു തുടങ്ങിയിട്ടില്ല. സാമൂഹിക മാധ്യമ കൂട്ടായ്മകളിലാണ് ഇത്തരമൊരു നീക്കം തുടങ്ങിയത്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് ഒരു സീറ്റ് അധികം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. ലോകസഭ സീറ്റ് തന്നില്ലെങ്കില്‍ രാജ്യസഭാ സീറ്റ് വേണമെന്ന കടുംപിടുത്തത്തില്‍ ലീഗ് ഉറച്ചതോടെ ആകെ പ്രതിസന്ധി ആയിരുന്നു. വലിയ പ്രതിസന്ധിക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം എന്ന ഉറപ്പ് മുന്‍നിര്‍ത്തിയാണ് അന്ന് പ്രതിസന്ധി യു ഡി എഫ് പരിഹരിച്ചത്. ഈ സമവായ നിര്‍ദ്ദേശമാണ് ലീഗ് ഇപ്പോള്‍ എടുത്തിട്ടിരിക്കുന്നത്. നേരത്തെ തന്നെ സമ്മര്‍ദ്ദം ചെലുത്തിയാലേ ചോദിച്ചതിന്റെ പകുതി എങ്കിലും കിട്ടു എന്നാണ് ഒരു സംസ്ഥാന നേതാവ് പ്രതികരിച്ചത്. യുഡിഎഫിന് ലീഗില്ലാതെ നിലനിൽപില്ലെന്നും അതിനാൽ അധിക സീറ്റ് കിട്ടിയേ തീരുവെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയോട് ലീഗ് നേതാക്കൾ അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പുകളിൽ മിക്ക വടക്കൻ ജില്ലകളിലും കോൺഗ്രസ് നാമാവശേഷമായപ്പോൾ പിടിച്ചുനിന്നത് ലീഗ് മാത്രമാണ്. എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി പിന്തുണ ലീഗിന്റെ ശക്തി വർധിപ്പിച്ചുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കണ്ണൂർ, പട്ടാമ്പി, കൊയിലാണ്ടി മണ്ഡലങ്ങളാണ് മുഖ്യമായും നോട്ടമിടുന്നത്. 25ൽ മത്സരിച്ച് 15ൽ വിജയിച്ച ‘സ്ട്രൈക് റേറ്റും’ ഉയർത്തിക്കാട്ടുന്നുണ്ട്. യുഡിഎഫിൽ 11 പാർടിയുണ്ടെങ്കിലും നിയമസഭയിൽ ആറ് പാർടികൾക്കേ പ്രാതിനിധ്യമുള്ളൂ. ഏറ്റവും ശക്തരാണെന്ന് സ്ഥാപിച്ച് മുന്നണിയിൽ ഒന്നാം ഘടകകക്ഷിയാകാനുള്ള ശ്രമം കൂടിയാണിത്. മുഖ്യമന്ത്രസ്ഥാനവും ഉപമുഖ്യമന്ത്രിസ്ഥാനവും കോൺഗ്രസ് തങ്ങൾക്ക് തന്നിട്ടുണ്ടെന്നുള്ള ചർച്ചകൾക്കും തുടക്കമിട്ടിരുന്നു. പറയുന്നുണ്ട്.മാര്‍ച്ച് 28നകം ലീഗില്‍ ധാരണയുണ്ടാക്കി സീറ്റ് വിഷയത്തില്‍ വില പേശല്‍ തന്നെയാണ് ലീഗ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. എന്തായാലും ഏപ്രില്‍ രണ്ടാം വാരം ചേരുന്ന യു ഡി എഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാക്കാനാണ് ലീഗ് തീരുമാനം. അതേസമയം ലീഗ് മനസ്സിൽ കാണുന്നത് മാനത്ത് കണ്ട കോൺഗ്രസിന്റെ ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ല.