കണ്ണൂർ: ബിനാമി സ്വത്ത് ഇടപാട് ആരോപണത്തില്‍ കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് പി പി ദിവ്യ. തന്റെ ഭര്‍ത്താവ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്ന് ഷമ്മാസ് തെളിയിക്കണമെന്നും ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ദിവ്യ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. കഴിഞ്ഞ മൂന്ന് മാസമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടക്കുകയാണെന്നും ദിവ്യ പറയുന്നു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിട്ടതിനെ തുടർന്ന് രാജിവച്ച പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസിന്റെ ആരോപണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ കരാറുകൾ നൽകിയത് സ്വന്തം ബിനാമി കമ്പിനിക്കാണെന്നും ഷമ്മാസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും ഷമ്മാസ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു.