നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള നടിയുടെ പീഡനപരാതി തെളിഞ്ഞിട്ടും മുകേഷിനെ തള്ളിക്കളയാതെ സിപിഎം . മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം സർക്കാരും പാർട്ടിയും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന് വ്യക്തമാക്കി.
മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നും കുറ്റം തെളിഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. വാട്ട്സ് ആപ്പ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളുമാണ് മുകേഷിനെതിരെയുള്ള ഡിജിറ്റൽ തെളിവുകൾ. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും ,താരസംഘടനയായ എഎംഎംഎയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടൻ മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. കേസിൽ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.കൂടാതെ പീഡനപരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരെയും സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്