കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തോട് മാപ്പുപറഞ്ഞ് ലോറിയുടമ മനാഫ്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും വൈകാരികമായി പ്രതികരിച്ചതിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായും മനാഫ് വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നമ്മുടെ അർജുനല്ലേ, എല്ലാ വിവാദങ്ങളും വിട്ടുകള. ഇന്നത്തോട് കൂടി എല്ലാം അവസാനിപ്പിക്കണം – മനാഫ് പറഞ്ഞു.
അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ ഒരിക്കൽ പോലും പി.ആർ വർക്ക് നടത്തിയിട്ടില്ലെന്നും മനാഫ് വ്യക്തമാക്കി. അർജുന് 75,000ന് മുകളിൽ ശമ്പളം കൊടുത്ത മാസങ്ങളുണ്ട്. പണം നൽകിയതിന് കൈയിൽ തെളിവുണ്ട്. കണക്കു പുസ്തകം പരിശോധിച്ചാൽ അതിൽ അർജുന്റെ ഒപ്പ് കാണാം. താൻ പണം കൊടുത്തത് കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഈശ്വർ മാൽപേയുമായി ഒരു നാടകവും കളിച്ചിട്ടില്ലായെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വണ്ടിയുടെ ആർ.സി ഉടമ സഹോദരൻ മുബീനാണ്. മുബീൻ മാത്രമാണെന്ന് അർജുന്റെ കുടുംബം തെറ്റിദ്ധരിച്ചതാണ്. അദ്ദേഹത്തിന്റെതും കൂടിയാണ് ലോറി. അർജുന് വേണ്ടി ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. തെളിവുണ്ടെങ്കിൽ കല്ലെറിഞ്ഞ് കൊല്ലാം. നിയമ നടപടിയും സ്വീകരിക്കാം. ഇനി ഉപയോഗിക്കേണ്ട എന്ന് കരുതിയ യൂട്യൂബ് ചാനൽ തുടരും. അതിന്റെ പേര് മാറ്റിയിട്ടുണ്ട്. -മനാഫ് പറഞ്ഞു.