ബെംഗളൂരു: കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തകർത്ത് ആലുവ പൊലീസ് . ലോട്ടറി കച്ചവടക്കാരനായ ശശി പൊലീസിനെ വിവരം അറിയിച്ചതാണ് നിർണായകമായത്. സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ആരിഫ്, മുഹമ്മദ് അമൽ, അബ്ദുൾ അസീസ്, സിജോ ജോസ്, ഹൈദ്രോസ്, ഫാസിൽ, അൽത്താഫ് അസീസ് എന്നിവരാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ അംഗങ്ങൾ. രാവിലെ 11 മണിയോടെ ആലുവ മോർച്ചറി പരിസരത്തുനിന്നാണ് കർണാടക സ്വദേശിയായ ഗോമയ്യയെ ഇവർ ബലം പ്രയോഗിച്ച് കാറിൽ കയറ്റിയതും, ഇത് കണ്ട ലോട്ടറി കച്ചവടക്കാരൻ ഉടൻ പൊലീസിൽ അറിയിച്ചതുമാണ് സംഭവത്തിന് വഴിത്തിരിവായത്.
ശശി നൽകിയ വിവരമനുസരിച്ച് വാഹനങ്ങളുടെ അടയാളം ലഭിച്ച പൊലീസ് നിമിഷങ്ങൾക്കകം നഗരത്തിന്റെ പ്രധാന ഇടങ്ങൾ വളഞ്ഞ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഉളിയന്നൂരിലെ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് ഗോമയ്യയെയും തട്ടിക്കൊണ്ടുപോയ സംഘത്തെയും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഓടി രക്ഷപ്പെട്ട ഗോമയ്യയുടെ സുഹൃത്തിനായി അന്വേഷണം തുടരുകയാണ്.
കുറഞ്ഞ വിലയ്ക്ക് സ്വർണം നൽകാമെന്ന് പറഞ്ഞ് കർണാടകയിൽ നിന്നുള്ള മറ്റൊരു സംഘം പറ്റിച്ചിട്ടുണ്ടെന്നും ഇതിന് പകരം വീട്ടാനാണ് ഗോമയ്യയെയും കൂട്ടുകാരനെയും സാരണ കച്ചവടത്തിന്റെ പേരും പറഞ്ഞ് വിളിച്ച് വരുത്തിയത് എന്നാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാക്കൾ പോലീസിനോട് വ്യക്തമാക്കിയത്. സംഭവത്തിനുപിന്നിൽ കൂടുതൽ ദുരൂഹതകൾ സംശയിക്കുന്നുവെന്ന് പൊലീസ്, സ്വർണ ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണവും ഊർജിതമാക്കി.