തൃശ്ശൂര്‍ ഞാനെടുക്കും എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അഞ്ച് വര്‍ഷം മുമ്പായിരിരുന്നു സുരേഷ് ഗോപിയുടെ ഈ പ്രഖ്യാപനം. ഒട്ടേറെ ട്രോളുകള്‍ക്ക് വഴിയൊരുക്കിയ പ്രഖ്യാപനം. എന്നാല്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇതാ തൃശ്ശൂര്‍ ബി ജെ പി എടുത്തിരിക്കുന്നു. വലിയ ത്രികോണ മത്സരം അരങ്ങേറിയ തൃശ്ശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സുരേഷ് ഗോപി വന്‍വിജയം കൈവരിച്ചത്.
കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ വടകരയില്‍ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവന്നത് സുരേഷ് ഗോപിയുടെ ശക്തമായ സാന്നിദ്ധ്യമായിരുന്നു.
സിറ്റിംഗ് എം പി ടി എന്‍ പ്രതാപനെ അവസാന ഘട്ടത്തില്‍ മാറ്റിയാണ് തൃശ്ശൂരില്‍ കെ മുരളീധരനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത്. ടി എന്‍ പ്രതാപന് ചുമരെഴുത്തുകളും പോസ്റ്റര്‍ പ്രചാരണങ്ങളും ആരംഭിച്ചതിന് ശേഷമാണ് ഈ മാറ്റമുണ്ടായത്.

ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും അണികളും തയ്യാറായിരുന്നില്ല, മുന്‍ എം എല്‍ എ അനില്‍ അക്കരയെപ്പോലുള്ള നേതാക്കള്‍ പരസ്യമായി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്നു. എന്നാല്‍ കോണ്‍ഗ്രസ് കെ മുരളീധരനെ തൃശ്ശൂരില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചു. വടകരയില്‍ എം പിയായിരുന്ന കെ മുരളീധരനെ വലിയ വിജയ പ്രതീക്ഷയിലാണ് തൃശ്ശൂരിലേക്ക് കൊണ്ടുവരുന്നത്. എന്നാല്‍ കെ മുരളീധരന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. കെ മുരളീധരന് മൂന്നാം സ്ഥാനത്തേക്ക് പോയതോടെ തൃശ്ശൂര്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാവുക.
കോണ്‍ഗ്രസിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ വന്‍തോതില്‍ ബി ജെ പിക്ക് മാറ്റിയതായാണ് വിലയിരുത്തപ്പെടുന്നത്. ടി എന്‍ പ്രതാപന് പ്രതിക്കൂട്ടിലാവുന്ന രാഷ്ട്രീയ സാഹചര്യമാണ് തൃശ്ശൂരില്‍ രൂപപ്പെട്ടിരിക്കുന്നത്. പത്മജാ വേണുഗോപാല്‍ ബി ജെ പി യിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് കെ മുരളീധരനെ കോണ്‍ഗ്രസ് തൃശ്ശൂരിലേക്ക് കൊണ്ടുവരുന്നത്. പത്മജ ആദ്യം നടത്തിയ പ്രസ്താവനയും കെ മുരളീധരനെ കോണ്‍ഗ്രസുകാര്‍ കാലുവാരി തോല്‍പ്പിക്കുമെന്നായിരുന്നു. തന്നെ തോല്‍പ്പിച്ച അതേ ശക്തികള്‍ ഏട്ടനേയും തോല്‍പ്പിക്കുമെന്ന പത്മജയുടെ ആരോപണം ശരിവെക്കുന്നതാണ് കെ മുരളീധരന്റെ ദയനീയ തോല്‍വി.