ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്യൂസിസിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത.കഴിഞ്ഞ കുറച്ച് കാലമായി ഡബ്യൂസിസിയുടെ പ്രവര്‍ത്തനങ്ങളെ താന്‍ വീക്ഷിക്കുകയാണെന്നും മാറ്റത്തിന്റെ തുടക്കമാകും ഇതെന്നും സാമന്ത പറയുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.
‘കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ ഡബ്ല്യുസിസിയുടെ അതിഗംഭീമായ പ്രവര്‍ത്തനങ്ങളെ വീക്ഷിക്കുന്ന ആളാണ് ഞാന്‍. അവരുടെ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രത്യാഘാതങ്ങള്‍ പുറത്ത് വരുന്നത് കാണുമ്പോള്‍ ഡബ്ല്യുസിസിയോട് ആദരവ് തോന്നുകയാണ്. സുരക്ഷിതമായൊരു തൊഴിലിടം എന്നത് ഏറ്റവും അടിസ്ഥാനപരമായി ഏവര്‍ക്കും ലഭിക്കേണ്ട ഒന്നാണ്. പക്ഷേ അതിന് പോലും വലിയ സംഘര്‍ഷങ്ങള്‍ വേണ്ടി വരുന്നു. എന്തായാലും അവരുടെ പരിശ്രമങ്ങള്‍ ഒന്നും വിഫലമായില്ല. മികച്ചൊരു മാറ്റത്തിന്റെ തുടക്കമാകട്ടെ ഇതെന്ന് പ്രതീക്ഷിക്കുകയാണ് ഞാന്‍. ഡബ്ല്യുസിസിയിലെ എന്റെ കൂട്ടുകാര്‍ക്കും സഹോദരിമാര്‍ക്കും സ്നേഹവും ആദരവും’, എന്നാണ് സാമന്ത കുറിച്ചത്.