എം ടി വാസുദേവൻ നായർക്ക് അന്ത്യോമപചാരം അർപ്പിച്ച് മോഹൻലാൽ. പുലർച്ചെ 5 മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ വസതിയായ സിത്താരയിൽ മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായെന്നു മോഹൻലാൽ അനുസ്മരിച്ചു. നല്ല ഒട്ടേറെ കഥാപാത്രങ്ങൾ എംടി എനിക്കായി സമ്മാനിച്ചു. എപ്പോഴും പരസ്പരം കാണുന്നില്ലെങ്കിലും നല്ല സ്നേഹബന്ധം സൂക്ഷിച്ചിരുന്നു. ഞാൻ അഭിനയിച്ച നാടകം കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. വൈകാരികമായ അടുപ്പം തമ്മിലുണ്ടായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരനെയാണ് നഷ്ടമായതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.