മധുരയിൽ നടക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന ചരിത്ര സമ്മേളനമാണ്. രാജ്യത്തിന്റെ അധികാര കസേരയിൽ പോലും എത്തുക ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് മധുരയിൽ സഖാക്കൾ ഒത്തുകൂടിയിരിക്കുന്നത്. 1972ൽ ഒമ്പതാം പാർട്ടി കോൺഗ്രസ് നടന്ന തമുക്കം മൈതാനത്ത് അഞ്ചു പതിറ്റാണ്ടു പിന്നിട്ട ശേഷമാണ് വീണ്ടുമൊരു പാർട്ടി കോൺഗ്രസ് നടക്കുന്നത്. അന്നത്തെയും ഇന്നത്തെയും രാഷ്ട്രീയ സാഹചര്യങ്ങൾ തമ്മിൽ ഏറെ അന്തരം ഉണ്ടെന്ന് മാത്രം. ദേശീയ രാഷ്ട്രീയം കോൺഗ്രസ് പാർട്ടിയുടെയും ഇന്ദിര ഗാന്ധിയുടെയും നിയന്ത്രണത്തിൽ നിൽക്കുമ്പോഴാണ് മധുരയിൽ 1972ലെ സിപിഎം പാർട്ടി കോൺഗ്രസെങ്കിൽ ബിജെപിയാണ് ഇന്നത്തെ മുഖ്യഎതിരാളി.
ബിജെപിയെ നേരിടുവാൻ കോൺഗ്രസിനെ കഴിയില്ലെന്ന വിലയിരുത്തലാണ് സിപിഎമ്മിന് ഉള്ളത്. എന്നാൽ കോൺഗ്രസിനെ പാടെ അവഗണിച്ച ഒരു മുന്നേറ്റത്തിന് വേണ്ടത്ര ധൈര്യവും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇല്ല. പാർട്ടി കോൺഗ്രസിൽ എടുക്കുന്ന നയങ്ങളും തീരുമാനങ്ങളുമാണ് പാർട്ടിയുടെ ലക്ഷ്യങ്ങളും മാർഗങ്ങളും നിർണയിക്കുന്നത്. വരും നാളുകളിൽ പാർട്ടിയെ മുന്നോട്ടു നയിക്കാനുള്ള നേതൃത്വത്തെ നിശ്ചയിക്കുന്നതും പാർട്ടി കോൺഗ്രസാണ്. ആ നിലയ്ക്ക് ലക്ഷക്കണക്കിനു സിപിഎം അനുഭാവികളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള ദിവസങ്ങളാണിത്. ഇന്നിപ്പോൾ പാർട്ടിക്ക് ഏറ്റവുമധികം കരുത്തുള്ള സംസ്ഥാനം കേരളമാണ്.
പാർട്ടി ഭരണമുള്ള ഏക സംസ്ഥാനവും കേരളമാണ് . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഭരണത്തുടർച്ച നേടി ചരിത്രം കുറിക്കാൻ കേരളത്തിലെ പാർട്ടിക്കു കഴിഞ്ഞു എന്നത് ഇവിടത്തെ സിപിഎം പ്രവർത്തകരെയും നേതാക്കളെയും സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. അടുത്ത വർഷം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ തുടർച്ചയായി മൂന്നാം തവണയും കേരള ഭരണം എന്ന ലക്ഷ്യം സിപിഎമ്മിനുണ്ട്. അതു നേടിയെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് എല്ലാവിധ സഹായവും ദേശീയ നേതൃത്വത്തിൽ നിന്നു ലഭിക്കേണ്ടതുണ്ട്. കേരളം വിട്ടു കഴിഞ്ഞാൽ ഡൽഹിയിലെ എകെജി സെന്ററിന്റെ വൈദ്യുതി ബിൽ പോലും അടയ്ക്കുന്നത് കേരള സഖാക്കളുടെ സഹായം കൊണ്ടാകും.
ആ കേരളം എന്ന തുരുത്തുകൂടി നഷ്ടപ്പെടുന്നത് സിപിഎമ്മിനെ സംബന്ധിച്ച് ഇന്ന് ചിന്തിക്കുവാൻ കഴിയുന്ന കാര്യമല്ല. സീതാറാം യെച്ചൂരിയുടെ മരണശേഷം പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കുന്നത് പാർട്ടി കോൺഗ്രസിലാണ്. ഇപ്പോൾ ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ പാർട്ടി പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് മുൻ ജനറൽ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ടാണ് പൊളിറ്റ് ബ്യൂറോ കോ- ഓർഡിനേറ്റർ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. കേരളത്തിൽ നിന്നുള്ള മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബിയുടെ പേരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു പറഞ്ഞുകേൾക്കുന്നത്.2012 മുതൽ പിബിയിലുള്ള നേതാവാണു ബേബി.
ഡൽഹി കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും. ഡൽഹിയിലെ സീനിയർ നേതാക്കളോടൊത്തു പ്രവർത്തിച്ചിട്ടുള്ള പരിചയം അദ്ദേഹത്തിനു ഗുണകരമാകും. പശ്ചിമ ബംഗാളിലും ത്രിപുരയിലും തെരഞ്ഞെടുപ്പുകളിൽ തകർന്നു തരിപ്പണമായ സിപിഎമ്മും ഇടതുപക്ഷവും ദേശീയതലത്തിൽ തീർത്തും ദുർബലമായ ബ്ലോക്കായിട്ടുണ്ട്. കേരളത്തിൽ ഭരണം നിലനിർത്തുന്നതോടൊപ്പം പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലെ തിരിച്ചുവരവും പാർട്ടി കോൺഗ്രസിന്റെ പ്രധാന അജണ്ടയാണ്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കാനിരിക്കുകയാണ്. പരിതാപകരമായ അവസ്ഥയിലാണ് അവിടത്തെ പാർട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ പാർട്ടിക്കു കഴിഞ്ഞില്ല.
വോട്ട് വിഹിതം അഞ്ചു ശതമാനത്തിൽ താഴെയാവുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ആറു ശതമാനത്തിനടുത്ത് വോട്ടു നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ. കോൺഗ്രസുമായി ധാരണയിൽ മത്സരിച്ചാലും രക്ഷപെടാനാവാത്ത അവസ്ഥയാണ് അവിടെ കാണുന്നത്. ത്രിപുരയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 12 ശതമാനം വോട്ടാണു കിട്ടിയത്. അവിടത്തെ രണ്ടു സീറ്റും നേടിയതു ബിജെപിയാണ്. അറുപതംഗ ത്രിപുര നിയമസഭയിലേക്ക് 2023ൽ നടന്ന തെരഞ്ഞെടുപ്പിൽ 11 സീറ്റും 25 ശതമാനത്തോളം വോട്ടുമാണു സിപിഎമ്മിനു കിട്ടിയത്.
പശ്ചിമ ബംഗാളിനെക്കാൾ ഭേദമാണെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ അവിടെയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. എന്നിരുന്നാലും തങ്ങളുടെ അടിസ്ഥാന വോട്ടുകൾ അവിടെത്തന്നെ ഉണ്ടെന്ന് സിപിഎം ഉറച്ചു വിശ്വസിക്കുന്നു. അത്തരം പഴയ വോട്ടുകളെ എല്ലാം തിരികെ തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചു ചെറിയ രാഷ്ട്രീയപാർട്ടികളുമായി വിവിധ സംസ്ഥാനങ്ങളിൽ നീക്കുപോക്കുകൾ ഉണ്ടാക്കി എങ്ങനെയും അധികാരത്തിലേക്ക് എത്തുകയാണ് ഇന്നത്തെ സിപിഎമ്മിന്റെ ലക്ഷ്യം.