എംഎ ബേബി, കേരള കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്. ഇനി സിപിഎം ജനറല്‍ സെക്രട്ടറി പദം അലങ്കരിക്കുമ്പോള്‍ നേരിടാനും മറികടക്കാനും കടമ്പകളേറെയാണ്. രാജ്യത്ത് കേരളത്തില്‍ മാത്രം വേരോട്ടമുള്ള തൊഴിലാളി പ്രസ്ഥാനത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും, അതോടൊപ്പം പാര്‍ട്ടിയുടെ അടിയുറച്ച ആശയങ്ങള്‍ വരുന്ന തലമുറകളിലേക്കും പകര്‍ന്നു കൊടുക്കേണ്ട ചുമതല ഇനി ഈ 72കാരനിലായിരിക്കും.
അന്യംനിന്ന് പോയ പാര്‍ട്ടിയെന്ന് മറ്റുള്ളവര്‍ അടക്കം പറയുമ്പോളും, ഘോരഘോരം പ്രസംഗിച്ച് സിപിഎം എന്ന പാര്‍ട്ടിയെ താഴ്ത്തി കെട്ടുമ്പോളും ഉള്ളിലെ പോരാട്ടവീര്യം ചോരാതെ ചെങ്കൊടിയെ മാറോടണക്കി സ്നേഹിച്ച നേതാവാണ് എം എ ബേബിയെന്ന് കണ്ണടച്ച് പറയാം.
1954 ജനിച്ച ബേബി പ്രാക്കുളം പഞ്ചായത്ത് എല്‍ പി സ്കൂള്‍, എന്‍ എസ് എസ് സ്കൂള്‍, കൊല്ലം എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നായാണ് വിദ്യാഭ്യാസം നേടിയത്.
സ്കൂള്‍ കാലഘട്ടത്തില്‍ സ്റ്റുഡന്റ്ഫെഡറേഷന് ഒഫ് ഇന്ത്യ(SFI)ല്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ചുവടുവെയ്പ്പ് നടത്തിയത്.
1974 ല്‍ SFI സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ എംഎ ബേബിയിലെ മികച്ച രാഷ്ട്രീയക്കാരനെ പാര്‍ട്ടി തിരിച്ചറിഞ്ഞു. തുടര്‍ന്ന് 1975 ല്‍ എസ് എഫ് ഐ കേരളം ഘടകം പ്രസിഡന്റ്. 1977 ല്‍ സി പി ഐ (എം) കൊല്ലം ജില്ലാ കമ്മിറ്റി അംഗം. 1978 ല്‍ ഹവാനയില്‍ നടന്ന ലോകയുവജന വിദ്യാര്‍ത്ഥിമേളയില്‍ ഇന്ത്യന്‍ പ്രതിനിധി. 1979 ല്‍ എസ് എഫ് ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റ്. 1983 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി. 1984 ല്‍ സി പി ഐ (എം) കേരള സംസ്ഥാന കമ്മിറ്റിയംഗം. 1986 ല്‍ രാജ്യസഭാംഗം. ഇങ്ങനെ തുടര്‍ന്നു ബേബിയുടെ ജൈത്രയത്രകള്. 1986 ല്‍ രാജ്യസഭയിലെത്തുമ്പോളും പേരു പോലെ തന്നെ രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. പ്രായം കുറഞ്ഞ അംഗമായിരുന്നെങ്കിലും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആ പ്രായക്കുറവൊരു തടസ്സമായിരുന്നില്ല ബേബിക്ക്. അങ്ങനെ കീഴടക്കിയ നേട്ടങ്ങളുടെ പട്ടികയില്‍ രാജ്യസഭാ അദ്ധ്യക്ഷ പാനലില്‍ ഉള്‍പ്പെട്ടതു മുതല്‍ 1998 വരെ രാജ്യസഭാംഗമായി തുടര്‍ന്നതും എംഎ ബേബി എന്ന രാഷ്്ട്രീയ ചാണക്യന്റെ കിരീടത്തിലെ പൊന്തൂവലുകള് തന്നെയാണ്.
1987 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്. 1989 ല്‍ സി പി ഐ (എം) കേന്ദ്രകമ്മിറ്റിയംഗം. 1989 ല്‍ സ്വരലയ രൂപീകരണം. മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992 ല്‍ സി പി ഐ (എം) കേന്ദ്ര സെക്രട്ടറിയേറ്റില്‍ അംഗ്വത്വം ലഭിച്ചു അദ്ദേഹത്തിന്.പിന്നീട് 1997 ലാണ് സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗമാവുന്നത്. 1997 ല്‍ യു എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചത് എംഎ ബേബിയെന്ന രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടം തന്നെയാണ്.
2006 ല്‍ കുണ്ടറയില്‍ നിന്ന് ജനവിധി തേടി കേരള സംസ്ഥാന നിയമസഭാംഗമാവുകയും തുടര്‍ന്ന്. 2006 ല്‍ കേരള സംസ്ഥാന വിദ്യാഭ്യാസ സാംസ്കാരിക വകുപ്പുമന്ത്രിയായി അധികരത്തിലേറുകയും ചെയതു. 2011 ല്‍ കുണ്ടറയില്‍ നിന്നു തന്നെ മത്സരിച്ച് കേരള സംസ്ഥാന നിയമസഭാംഗമായി രണ്ടാമൂഴത്തിനിറങ്ങി അദ്ദേഹം.2012 മുതല്‍ വീണ്ടും പോളിറ്റ് ബ്യറോയിലും കേന്ദ്രകമ്മിറ്റിയിലും സജീവമാണ് എം എ ബേബി.
മുതിര്‍ന്ന നേതാക്കളെ പ്രായത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നത് കൊണ്ട് ചാന്‍സ് കിട്ടിയ ഒരാളായി മാത്രം എംഎ ബേബി എന്ന തികഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകനെ കരുതാനാകില്ല. കാരണം അദ്ദേഹം പ്രസ്ഥാനത്തിന് വേണ്ടി ചെയ്ത കാര്യങ്ങളും, . അടിയന്തരാവസ്ഥ കാലത്ത് ഉള്‍പ്പെടെ അനുഭവിച്ച ക്രൂരമായ പൊലീസ് മര്‍ദ്ദനവും ജയില്‍വാസവും. എല്ലാം കണക്കിലെടുക്കമ്പോള്‍ എന്തുകൊണ്ടും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയെ പുതുജീവന്‍ വെപ്പിക്കാനുള്ള ഒരു കനല് അദ്ദേഹത്തിന്റെ ഉള്ളില്‍ അണയാതെ കാത്തുവെച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.