മിഥുൻ നാഥ്
തിരുവനന്തപുരം: സിപിഐഎം വിട്ട മംഗലപുരം ഏരിയാ കമ്മറ്റി മുന്‍ സെക്രട്ടറി മധു മുല്ലശേരി ബിജെപിയില്‍ ചേരും. നാളെ രാവിലെ 10.30 ന് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് മധു പാര്‍ട്ടി അംഗത്വം സ്വീകരിക്കും.
ഇന്നലെ രാത്രിയില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ മധുവുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്. ഇന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ മധുവിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. തിരുവനന്തപുരത്ത് സിപിഐഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രാജേഷ് പറഞ്ഞു.
അതിനിടെ മധുവിനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി. ഇതുസംബന്ധിച്ച ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. പാര്‍ട്ടി തത്വങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയും പൊതുമധ്യത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന്റെ പേരിലാണ് മധുവിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാക്കമ്മറ്റി അറിയിച്ചു.
കഴിഞ്ഞയാഴ്ച നടന്ന മംഗലപുരം ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ മധു ഇറങ്ങിപ്പോരുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും വേറെ പാര്‍ട്ടിയില്‍ ചേരുമെന്നും മധു പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളും മധുവുമായി ചര്‍ച്ച നടത്തിയിരുന്നു.