മഹേഷ് നാരായണൻ സംവിധാനം ചെയുന്ന മൾട്ടി സ്റ്റാർ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം. മമ്മൂട്ടിയും മോഹൻലാലും കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് മോഹൻലാൽ ഭദ്രദീപം കൊളുത്തി.
ആന്റോ ജോസഫ് ഫിലിം കമ്പനി നിർമിയ്ക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ആരാധകർക്ക് ഔദ്യോഗികമായി അറിയിപ്പുകളൊന്നും നൽകാതെയാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്.ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ചിത്രത്തിന്റെ ക്ലാപ് ബോർഡിൽ AJFC _MMMN എന്നാണ് എഴുതിയിരിക്കുന്നത്.
മോഹന്‍ലാല്‍ നേരത്തെ തന്നെ ചിത്രീകരണത്തിനായി ശ്രീലങ്കയിലെത്തിയിരുന്നു. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്തു. ചിത്രത്തിൽ നയൻതാരയടക്കം ഇനിയും താരങ്ങൾ എത്തുമെന്നും റൂമറുകളുണ്ട്. കൂടുതലൊന്നും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.
ഏറെക്കാലത്തിനു ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ച് ബിഗ്സ്ക്രീനിൽ കാണാനാവുമെന്ന ആവേശത്തിലാണ് ആരാധകർ.