കണ്ണൂർ: രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന പ്രസിഡൻ്റാക്കിയത് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ഒരു പരീക്ഷണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.കെ പത്മനാഭൻ കണ്ണൂരില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ പ്രസിഡൻ്റായി വന്നതിനെ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്ന ഒരാളാണ് താനെന്നും ഇതൊരു പരീക്ഷണം കൂടിയാണന്നും മുൻ സംസ്ഥാന പ്രസിഡൻ്റായ സി കെ പത്മനാഭൻ പറഞ്ഞു.
ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗതരീതിയില്‍ നിന്ന് മാറി ഒരു പരീക്ഷണത്തിനായി ഇറങ്ങിയിരിക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ എന്നത് നാളെ അറിയേണ്ട കാര്യമാണ്. കണ്ണൂർ അലവിലില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സി കെ പത്മനാഭൻ. പുതിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റായി രാജീവ് ചന്ദ്രശേഖർ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ശരീരിക ക്ഷീണവും മറ്റ് അസൗകര്യങ്ങള്‍ കൊണ്ടാണെന്നും അതില്‍ മറ്റ് അർത്ഥങ്ങള്‍ കാണേണ്ടെന്നും സി കെ പത്മനാഭൻ പറഞ്ഞു.രാജീവ് ചന്ദ്രശേഖർ ഒരു ടെക്നോ ക്രാറ്റാണ്. അത്തരം ഒരാളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരിക എന്നത് പരീക്ഷണമാണ്. അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് താൻ കരുതുന്നതെന്നും സി കെ പി പറഞ്ഞു. പക്ഷേ സംഘടനാ പ്രവർത്തനവുമായി ഇണങ്ങി പ്രവർത്തിക്കാൻ ശ്രദ്ധിക്കേണ്ടി വരുമെന്നും സി കെ പത്മനാഭൻ പറഞ്ഞു.