മലയാള സീരിയലുകള് ‘എന്ഡോസല്ഫാനേ’ക്കാള് വിഷലിപ്തമാണെന്ന തന്റെ പരാമർശത്തിൽ വിശദീകരണം നൽകി പ്രേംകുമാർ. അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ് എന്ന സംഘടനക്ക് തുറന്ന കത്തുമായി നടൻ രംഗത്ത് വന്നു.
ഈയിടെ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സീരിയലുകളുടെ സെൻസറിങുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പത്തു വർഷങ്ങൾക്കുമുമ്പ് ഇതുസംബന്ധിച്ച് താൻ പറഞ്ഞ തന്റെ നിലപാട് ആവർത്തിക്കേണ്ടിവന്നു. സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ് വ്യാഖ്യാനക്കപ്പെട്ടത്.
സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. താൻ കൂടി അംഗമായ ആത്മയിലെ ഏതെങ്കിലും ഒരംഗത്തിന്റെ അഭിനയം മോശമാണെന്ന് പറഞ്ഞിട്ടില്ല. താൻ എന്താണ് പറഞ്ഞതെന്നും വിമർശനം എന്തിനെ കുറിച്ചായിരുന്നു എന്നും ആത്മ ആദ്യം അറിയണമായിരുന്നു. കാളപെറ്റു എന്ന് കേട്ടാലുടൻ കയറെടുക്കരുത് എന്നും താരം ചൂണ്ടികാണിച്ചു.
ചില” സിനിമകൾ, “ചില” സീരിയലുകൾ, “ചില” സാഹിത്യകൃതികൾ, “ചില” നാടകങ്ങൾ, “ചില” ടെലിവിഷൻ പരിപാടികൾ, തുടങ്ങി പലതും സാംസ്കാരിക വിഷം വമിപ്പിക്കുന്നുവെന്ന് പൊതുവായി സൂചിപ്പിക്കുകയാണുണ്ടായത്.
പൊതുഇടങ്ങളിൽ വിനിമയം ചെയ്യുന്ന ഇത്തരം ചില പരിപാടികൾ നമ്മുടെ ഭാഷയെ, സംസ് കാരത്തെ, ശ്രേഷ്ഠമായ പൈതൃകത്തെ മുറിപ്പെടുത്തുന്നതും ജീവിതപരിസരങ്ങളെ മലീമസമാക്കുന്നതും മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുന്നതുമാണ്. ഇത്തരം ടെലിവിഷൻ കാഴ്ചകളുടെ മുന്നിൽ ജനിച്ചു വളർന്ന് ജീവിക്കുന്ന വർത്തമാനകാലത്തെ അണു കുടുംബങ്ങളിലെ കുഞ്ഞുങ്ങൾ ജീവിത ചിത്രീകരണങ്ങളുടെ ഈ കാഴ്ചയുടെ ശീലങ്ങ ളിൽ നിന്ന് ഇതാണ് ജീവിതം, ഇങ്ങനെയാണ് ജീവിതം ഇങ്ങനെയാണ് ബന്ധങ്ങൾ, ഇതാണ് ശരി എന്ന് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, സമീപനം ഒക്കെ രൂപപ്പെ ടുത്തുന്നു. അങ്ങനെയുള്ള ഭാവി തലമുറയെക്കുറിച്ചുള്ള ആശങ്കകളാണ് ഞാൻ പങ്കുവെ ച്ചത്.
കലയുടെ പേരിൽ വരുന്ന അത്തരം വ്യാജനിർമിതികൾ-പ്രത്യേകിച്ചും കുടുംബ സദസ്സുകളിലേയ്ക്ക് കടന്നുവരുന്ന ചില പരിപാടികൾ എൻഡോസൾഫാനെപ്പോലെ അപകടകരമാണെന്നാണ് താൻ പറഞ്ഞത്. പുരോഗമന ആശയങ്ങളിലൂന്നി മുന്നോട്ട് പോകുന്ന ഒരു സമൂഹത്തെ സ്ത്രീ വിരുദ്ധവും പിന്തിരിപ്പനുമായ ആശയങ്ങൾ പ്രചരിപ്പിച്ച് സാംസ്കാരിക പാപ്പരത്തിലേക്ക് നയിക്കരുതെന്നാണ് ആ പറഞ്ഞതിൻ്റെ സാരം. ഇത് താൻ പൊതുവായാണ് പറഞ്ഞത്. പക്ഷേ, ടെലിവിഷൻ സീരിയലുകളിലേക്ക് മാത്രമാണ് ചർച്ച കേന്ദ്രീകരിച്ചത്.
ഞാനൊരു സീരിയൽ വിരുദ്ധനല്ല. സീരിയലുകൾ നിരോധിക്കണം എന്നല്ല ഞാൻ പറഞ്ഞത്. ചില സീരിയലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിമർശനമാണ് താൻ ഉയർത്തിയത്. പ്രമേയത്തിലും ഉള്ളടക്കത്തിലും ഉചിതമായ മാറ്റങ്ങൾ വേണമെന്ന തന്റെ അഭിപ്രായത്തെ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും പിൻതുണക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടത്.
കലാസൃഷ്ടികൾ ഒന്ന് പാളിപ്പോയാൽ വലിയൊരു ജനതയെ അത് അപചയത്തിലേക്ക് നയിക്കും. ആ തിരിച്ചറിവും ഉത്തരവാദിത്തവും കല കൈകാര്യം ചെയ്യുന്നവർക്കുണ്ടാകണം. കലയിലൂടെ തെറ്റായ സന്ദേശം സമൂഹത്തിന് നൽകാൻ പാടില്ല.
തന്റെ അഭിപ്രായങ്ങളും നിലപാടുകളും തികച്ചും സത്യസന്ധമാണ്. ഹൃദയത്തിൽത്തട്ടിയാണ് താനത് പറഞ്ഞത്. ഇനിയും അത് പറയുക തന്നെ ചെയ്യും എന്നെ നിശബ്ദനാക്കാമെന്ന് ആരും കരുതണ്ട. കലയുടെ ധർമ്മത്തെക്കുറിച്ചും കലാസ്വാദനരീതികളെക്കുറിച്ചും രൂപപ്പെട്ടുവന്ന ആശയാടിത്തറയിൽ നിന്നുകൊണ്ടാണ് നമുക്ക് ഉചിതമായ തീരുമാനങ്ങളിലേയ്ക്കും നടപടികളിലേയ്ക്കും എത്തിച്ചേരാനാകു. അക്കാര്യം മാത്രമേ താനും ചെയ്തിട്ടുള്ളൂ. കലയിലൂടെ സംസ്കാരരൂപീകരണം സാധ്യമാക്കുന്നതിന് നമുക്കൊരുമിച്ചു പ്രവർത്തിക്കാം.
കല കേവലം വിനോദ ഉപാധി മാത്രമല്ല. സാമൂഹ്യ പരിവർത്തന ഉപാധിയായികൂടി മാറുമ്പോഴാണ് കലയുടെ ദൗത്യം പൂർണ്ണമാകുന്നത്. കല എന്നും മനുഷ്യനെ നന്മയിലേയ്ക്കും ശരിയിലേയ്ക്കും നയിക്കുന്നതാവണം എന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടു.