രാജേഷ് തില്ലങ്കേരി
മലയാള സിനിമ കുറച്ചുകാലമായി വിവാദങ്ങളുടെ പിടിയിലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ലൈംഗിക പീഡന പരാതികളാണ് ഉയര്‍ന്നത്. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എ ഭരണ സമിതിപോലും പിരിച്ചുവിടേണ്ടിവന്നു. താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന നടന് സിദ്ദഖിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം, അറസ്റ്റിന്റെ വക്കുവരെ എത്തുകയും നടന് ഒളിവില്‍ പോവുകയും ചെയ്തു.
എം എല്‍ എ കൂടിയായ നടന് മുകേഷ്, ജയസൂര്യ, ഇടവേള ബാബു, തുടങ്ങി നിരവധി നടന്മാര് കേസില്‍ അകപ്പെട്ടതോടെ മലയാള സിനിമാ രംഗം ഏറെ പ്രതിരോധത്തിലായി. ആരോപണങ്ങളില്‍ അകപ്പെട്ട നടന്മാരെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ നിര്‍മ്മാതാക്കളും നിര്‍ബന്ധിതരായി. ഇത്തരത്തില്‍ ആകെ നാണം കെട്ട് കിടക്കുന്ന മലയാള സിനിമ പതിയെ സാധാരണ നിലയിലേക്ക് വന്നു കൊണ്ടിരിക്കയാണ് സിനിമാ താരങ്ങള്‍ക്കെതിരെ ലഹരികേസ് വരുന്നത്.
കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശ് പൊലീസിന്റെ പിടിയിലായതോടെ ലഹരിമാഫിയുമായുള്ള ബന്ധം മറനീക്കി പുറത്തുവരുന്നത്. ഓം പ്രകാശ് രാസലഹരി വിതരണം ചെയ്തെന്നും സിനിമാ മേഖലയിലുള്ള രണ്ടു പേര് ഓം പ്രകാശിനെ ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശിച്ചു എന്നുമാണ് പൊലീസ് പറയുന്നത്. ഇതോടെ ഓം പ്രകാശ് അകപ്പെട്ട ലഹരികേസ് വഴിമാറുകയാണ്.
കൊച്ചി കേന്ദ്രീകരിച്ച് വന്‍തോതില്‍ രാസലഹരി ഇടപാട് നടക്കുന്നതായുള്ള ആരോപണം ദീര്‍ഘകാലമായി നിലനില്‍ക്കുന്നുണ്ട്. ചില ലഹരി സംഘങ്ങള്‍ പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലാവുമ്പോള്‍ സിനിമാ മേഖലയിലെ ചിലര്‍ക്കായി കൊണ്ടുവന്നതാണ് ലഹരിയെന്ന് വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും ഒരു സിനിമാക്കാരനുനേരെയും അന്വേഷണം നടക്കാറില്ല.
കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊക്കയിന് കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയും ചില മോഡലുകളും അകപ്പെട്ടിരുന്നു. പിന്നീട് ചില സിനിമാ നിര്‍മ്മാതാക്കള്‍ ചില നടന്മാര് ലഹരിക്ക് അടിമകളാണെന്ന് പരാതി ഉയര്‍ത്തിയിരുന്നു. താരങ്ങളുടെ അമിതമായ ലഹരി ഉപയോഗം മൂലം സിനിമാ ഷൂട്ടിംഗ് നിര്ത്തിവെക്കേണ്ടിവന്നതായും പ്രൊജക്റ്റുകള്‍ ഉപേക്ഷിക്കേണ്ടിവന്നതായും നിര്‍മ്മാതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ സംഘടനാ തലത്തിലുള്ള വിലക്കുകള്‍ക്കപ്പുറം മറ്റൊരു നീക്കവും ഇത്തരം യുവ താരങ്ങള്‍ക്കെതിരെ ഉണ്ടായിട്ടില്ല. പൊലീസോ ബന്ധപ്പെട്ട മറ്റേതെങ്കിലും അന്വേഷണ സംഘമോ ഇത്തരം ലഹരി സംഘങ്ങള്‍ക്കെതിരെ അന്വേഷണം നടത്താന്‍ തയ്യാറായില്ലെന്നും ശ്രദ്ധേയമാണ്. കൊച്ചിയില്‍ നടക്കുന്ന ഡി ജെ പാര്‍ട്ടികളിലും മറ്റും വ്യാപകമായി മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
സ്മോക്ക് പാര്‍ട്ടികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് സംഘത്തിന്റെ കൂടിച്ചേരലുകളും കൊച്ചിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും പൊലീസിന്റെ ശ്രദ്ധയില്‍ പെടാറില്ല. കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ ലഹരിക്കച്ചവടത്തിന് ഉന്നതരുടെ ഒത്താശയുണ്ടെന്നും സിനിമാ രംഗത്തുള്ളവരാണ് പ്രധാനമായും കൊക്കൈന്‍, എല്‍ എസ് ഡി തുടങ്ങിയ രാസലഹരിയുടെ ഉപഭോക്താക്കളെന്നും വ്യാപകമായി പ്രചരണം നടക്കുമ്പോഴും എന്തുകൊണ്ടാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കാതിരിക്കുന്നതെന്ന് പ്രധാന ചോദ്യമാണ്.
കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശിനെയും സഹായിയേയും കഴിഞ്ഞ ദിവസമാണ് കുണ്ടന്നൂരിലെ ഒരു നക്ഷത്ര ഹോട്ടലില്‍ വെച്ച് മരട് പൊലീസ് അറസ്റ്റു ചെയ്തത്. മദ്യവും മയക്കുമരുന്നുമുള്‍പ്പെടെ ഇവര്‍ താമസിച്ച മുറിയില്‍ നിന്നും പിടികൂടിയതോടെയാണ് കേസില്‍ വിശദമായ അന്വേഷണത്തിന് പൊലീസ് തുനിയുന്നത്. മൂന്നു മുറികള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കൊക്കൈന്‍ തുടങ്ങിയ രാസലഹരി വില്‍പ്പന നടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.
ഓം പ്രകാശിനെ കാണാനായി ഹോട്ടല്‍ മുറിയിലെത്തിയവരില്‍ രണ്ടുപേര്‍ പ്രമുഖ യുവതാരങ്ങളായിരുന്നു. ഇതോടെയാണ് രാസലഹരി വില്‍പ്പനയുമായുള്ള സംശയങ്ങള്‍ സിനിമാ താരങ്ങളിലേക്ക് നീളുന്നത്. യുവ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്ട്ടിന് എന്നിവരാണ് ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചത്. ഇതോടെ ഇവരെ ചുറ്റിപ്പറ്റി അന്വേഷണം നടത്താന്‍ മരട് പൊലീസ് തീരുമാനിച്ചിരിക്കയാണ്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം 20 പേര് ഓം പ്രകാശിനെ സന്ദര്‍ശിച്ചതായാണ് പറയുന്നത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗിക ചൂഷണവും ഒപ്പം യുവതാരങ്ങളില്‍ ഏറിയ പങ്കും മയക്കുമരുന്ന് ഉപയോഗിക്കുന്നതായും പരാമര്‍ശമുണ്ടായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാരോപണം പോലെ തന്നെ വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പടുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടിയിരുന്നതാണ് ലഹരി ഉപയോഗത്തെ കുറിച്ചുണ്ടായിരുന്ന അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ സര്‍ക്കാര്‍ നാലര വര്‍ഷക്കാലം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ താരങ്ങളുടെ ഇടയില്‍ ലഹരി ഉപയോഗം അതി മാരകമായ രീതിയില്‍ വര്‍ധിച്ചു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി, നിരവധി കേസുകള്‍ ഉണ്ടായി. എസ് ഐ ടിയുടെ അന്വേഷണം വളരെ സജീവമായി മുന്നോട്ടു പോവുകയാണ്. എന്നാല്‍ ഒരു തലമുറയെ ആകെ തകര്‍ക്കുന്ന മയക്കുമരുന്ന് മാഫിയയെ കണ്ടെത്താനോ, അവര്‍ക്കെതിരെ നിലപാട് സ്വീകരിക്കാനോ പ്രത്യേക അന്വേഷണ സംഘത്തെയൊന്നും സര്‍ക്കാര്‍ ചുമതലപ്പെടുക്കിയില്ല.
വരും ദിവസങ്ങളില്‍ മാധ്യമങ്ങള്‍ യുവതാരങ്ങള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് വഴിമാറും. അപ്പോഴും യഥാര്‍ത്ഥ പ്രതികളും കുറ്റവാളികളും പുറത്തായിരിക്കും.കോടിക്കണക്കിന് രൂപയുടെ സിനിമാ വ്യവസായമാണ് ലൈംഗിക പീഡന കേസും, രാസലഹരിക്കേസുകളുമായി പ്രതിസന്ധിയിലാവുന്നത്.മലയാള സിനിമയുടെ ഭാവി തന്നെ പ്രതിസന്ധിയിലാക്കുന്നതാണ് തുടരെ തുടരെ ഉണ്ടാവുന്ന ഇത്തരം വിവാദങ്ങള്‍.