കൊച്ചി: കാർഷിക സമൃദ്ധിയുടെ ഓർമകളുമായി ഏവരും ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നൽകിയും നാടെങ്ങും ഉത്സവലഹരിയിലാണ്. വിഷുപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും വൻ തിരക്ക് അനുഭവപ്പെട്ടു.കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. മലയാളികളുടെ പ്രധാന ആഘോഷത്തെ പടക്കങ്ങൾ പൊട്ടിച്ചാണ് നാട് വരവേറ്റത്. വിഷുക്കണി കണ്ടുണർന്ന്, വിഷുക്കൈനീട്ടം നൽകി, വിഷുക്കോടിയും ധരിച്ച് മറ്റൊരു വിഷുദിനത്തെ വരവേൽക്കുകയാണ് കുടുംബങ്ങൾ.
ഒട്ടുരുളിയില്‍ നിറച്ചുവച്ച ഫല – ധാന്യങ്ങള്‍, കത്തിച്ചുവെച്ച നിലവിളക്ക്, കണിവെള്ളരി, കണിക്കൊന്ന,കോടിമുണ്ട്, കൈനീട്ടം തുടങ്ങി വിഷു തനത് ശൈലിയിൽ തന്നെ ഇത്തവണയും നാട് വിഷു ആഘോഷിച്ചു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ സൗഭാഗ്യം വർഷം മുഴുവൻ നിലനിൽക്കുമെന്നാണു വിശ്വാസം. കാർഷികസമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കൺതുറക്കുന്ന നല്ല നാളേകൾ സമ്മാനിക്കുന്ന പ്രതീക്ഷയുടെ ദിനമാണ് വിഷു. വിഷുക്കണി കണ്ടു കൊണ്ടാണ് ഇന്നത്തെ ദിനം ആരംഭിക്കുക.