ഇടതുപക്ഷവുമായി കൊമ്പുകോർത്ത് പി വി അൻവർ എംഎൽഎ സ്ഥാനവും രാജിവെച്ച് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുമ്പോൾ അൻവറിനേക്കാൾ ലക്ഷ്യങ്ങൾ അതിലുള്ളത് മമതാ ബാനർജിക്ക് ആണ്. അധികാരത്തിന് പുറത്താണെങ്കിലും സംഘടനാപരമായി കോൺഗ്രസ് പാർട്ടി ഏറ്റവും ശക്തമായി മുന്നോട്ടുപോകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സംസ്ഥാനത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലും നഗരപ്രദേശങ്ങളിലും കോൺഗ്രസിന് കൃത്യമായ ആൾ ബലമുണ്ട്. ഏതു പ്രദേശത്തും ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുവാനുള്ള കരുത്ത് ഇന്നും കോൺഗ്രസിന് കൈമോശം വന്നിട്ടില്ല. മാത്രവുമല്ല അഖിലേന്ത്യാ തലത്തിൽ പോലും കോൺഗ്രസിനെ നയിക്കുന്ന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കേരളത്തിന്റെ സംഭാവനയാണ്. കേരളത്തിലേക്ക് തൃണമൂൽ കോൺഗ്രസ് അൻവറിലൂടെ എൻട്രി ചെയ്യുമ്പോൾ അതിനു പിന്നിലുള്ള ഉദ്ദേശലക്ഷ്യങ്ങൾ ഏറെ വലുതാണ്.
അൻവറിന് തന്റെ രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഒരു തുരുത്ത് മാത്രമാണ് തൃണമൂൽ കോൺഗ്രസ്. എന്നാൽ മമതക്കും തൃണമൂലിനും കേരളം പ്രതീക്ഷകളുടെ പറുദീസയാണ്. തങ്ങളുടെ രാഷ്ട്രീയം കൃത്യമായി അവതരിപ്പിക്കുവാൻ കഴിയുന്ന ഇടമാണ് കേരളമെന്ന് മമത കരുതുന്നു. ദേശീയതലത്തിൽ തന്നെ പ്രതിപക്ഷ നിരയുടെ നായികയാകുവാൻ ഒരുങ്ങുന്ന മമതയ്ക്ക് കോൺഗ്രസിനെ തകർക്കുകയെന്നത് ലക്ഷ്യമാണ്. തന്റെ യൗവനം കോൺഗ്രസിന് വേണ്ടി മാറ്റിവെച്ച മമത ഒരുകാലത്ത് ശ്രദ്ധിക്കപ്പെട്ട എണ്ണപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു. യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യ അധ്യക്ഷസ്ഥാനത്ത് പോലും എത്തുകയും പാർട്ടിയെ ഏറെ മുന്നേറ്റങ്ങളിലേക്ക് നയിക്കുകയും ചെയ്ത പാരമ്പര്യം മമതയ്ക്ക് ഉണ്ട്. പിൻകാലത്ത് കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുകയും ബംഗാളിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഇടതു ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് അധികാരം നേടിയെടുക്കുകയും ചെയ്ത മമതയുടെ ‘പൊളിറ്റിക്കൽ പവർ’ ഇന്ത്യ കണ്ടിട്ടുള്ളതാണ്. ബംഗാളിൽ മമതക്ക് ശത്രു സിപിഎം തന്നെയാണ്.
എന്നാൽ കേരളത്തിലേക്ക് വരുമ്പോൾ മമതയ്ക്ക് സിപിഎമ്മിനോട് ശത്രുത വരേണ്ട കാര്യമൊന്നുമില്ല. ഒരുപക്ഷേ സിപിഎമ്മുമായി സംസ്ഥാനത്ത് ചങ്ങാത്തം കൂടിയാലും തെറ്റൊന്നും സംഭവിക്കുവാനും ഇടയില്ല. അതേസമയം, കേരളത്തിൽ കോൺഗ്രസിനെ ഇല്ലായ്മ ചെയ്യുകയെന്നത് മമതയ്ക്ക് അത്യന്താപേക്ഷികമാണ്. ശരിക്കും പറഞ്ഞാൽ കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്നവർ ബിജെപിക്കാർ മാത്രമല്ല. ഭരണപക്ഷമോ പ്രതിപക്ഷമോ ആകട്ടെ രാജ്യത്തിന്റെ നേതൃസ്ഥാനങ്ങളിൽ എത്തുവാൻ ആഗ്രഹിക്കുന്നവർ എല്ലാം കോൺഗ്രസിന്റെ പതനം ആഗ്രഹിക്കുന്നവർ കൂടിയാണ്. അങ്ങനെ വരുമ്പോൾ കോൺഗ്രസ് ഇല്ലാതാകേണ്ടത് മമതയുടെ കൂടി അടിയന്തര ആവശ്യമാണ്. ബംഗാളികളുടെ ഒരു പാലായനം തന്നെ സംസ്ഥാനത്ത് കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നുവരുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരും കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളും എല്ലാം ബംഗാൾ ഗ്രാമങ്ങൾ ആയെന്നു പറഞ്ഞാൽ കൗതുകമല്ല. അത്രമേൽ ബംഗാൾ സ്വദേശികൾ ഇന്ന് സംസ്ഥാനത്ത് തൊഴിലിനും മറ്റുമായി ഇവിടെ തുടരുന്നുണ്ട്. അവർക്കിടയിൽ സ്വാധീനം ചെലുത്തുവാൻ കഴിയുന്ന നേതാവാണ് മമത. അതിനപ്പുറത്തേക്ക് കോൺഗ്രസിൽ പ്രതീക്ഷയില്ലാത്തവരുടെ പ്രത്യാശ ആകുവാൻ കൂടി മമത എന്ന കരുത്തുള്ള രാഷ്ട്രീയക്കാരിക്ക് കഴിയും.
അടുത്തമാസം മമത പി വി അൻവർ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ കേരളത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതകൾ ഉണ്ട്. അങ്ങനെ ബംഗാൾ മുഖ്യമന്ത്രി കൂടിയായ മമത സംസ്ഥാനത്തേക്ക് എത്തുമ്പോൾ അത് സൃഷ്ടിക്കുന്ന ഓളം ചെറുതൊന്നും ആയിരിക്കില്ല. രാജ്യത്ത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്. സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം പേറുന്ന കോൺഗ്രസ് ചരിത്രത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ അംഗീകരിക്കാതെ വഴിയില്ല. മാത്രമേ തകർന്നു തരിപ്പണമായിരിക്കുന്നു സംഘടനാപരമായി കോൺഗ്രസ്. ഇനിയൊരു തിരിച്ചുവരവോ അതിജീവനമോ കോൺഗ്രസിനെ സംബന്ധിച്ച് സാധ്യമല്ല. ഒരുകാലത്ത് കോൺഗ്രസിന്റെ രാജ്യത്തെ മുഖങ്ങൾ ആയിരുന്നു ഗുലാം നബി ആസാദും കപൽസിബിലും ഒക്കെ. അവരെല്ലാം ഇന്ന് കോൺഗ്രസിനോട് ബൈ പറഞ്ഞിരിക്കുന്നു. ഒരുപക്ഷേ ജനാധിപത്യ ഇന്ത്യയിൽ നിന്നും കോൺഗ്രസ് ബൈ പറയുന്നതിന്റെ നേർസാക്ഷ്യമായി ഇതിനെ ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്.
അപ്പോഴും സംഘപരിവാറിന്റെ വെറുപ്പും വിദ്വേഷവും നിറഞ്ഞ രാഷ്ട്രീയത്തെ പ്രതിരോധിക്കുവാൻ ഒരു മുന്നേറ്റം വേണമെന്ന് ഇവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നുണ്ട്. അതിന്റെ നായകത്വത്തിലേക്കാണ് മമത കടന്നുവരുന്നത്. ഒട്ടും ഉത്തരവാദിത്വബോധമില്ലാതെ, പക്വത ഇല്ലാതെ ഇടപെടുന്ന രാഹുൽ ഗാന്ധിയെക്കാൾ മോദിയെ താഴെയിറക്കുവാനുള്ള കരുത്ത് മമതയ്ക്ക് ഉണ്ടെന്ന് ശരത് പവാർ പോലും വിശ്വസിക്കുന്നുണ്ട്. ബംഗാളിന് പുറത്ത് മമതയ്ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങൾ തീരെയില്ല. എന്നാൽ കൃത്യമായ ഫോളോവേഴ്സ് മമതയ്ക്ക് കേരളത്തിലുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ മമതയെ പിന്തുടരുന്നവർ സംസ്ഥാനത്ത് ഏറെയാണ്.
വർഷങ്ങൾക്കു മുമ്പ് മമതാ ബാനർജിയുടെ നേതൃത്വത്തിൽ കേരളത്തിൽ ഒരു സ്വകാര്യ ഏജൻസിയെ കൊണ്ട് തൃണമൂൽ കോൺഗ്രസ് സർവ്വേ നടത്തിയിരുന്നു. അതിൽനിന്നും തൃണമൂലിന് സാധ്യതയുള്ള സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെ വിലയിരുത്തപ്പെട്ടിരുന്നു. അന്നുമുതൽ മമത തുടങ്ങിയ പരിശ്രമങ്ങൾ ഇപ്പോഴാണ് ഫലം കണ്ടിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ പകരക്കാരില്ലാത്ത പ്രതിപക്ഷ നിരയുടെ നായിക സ്ഥാനത്തേക്കുള്ള മമതയുടെ നോട്ടത്തിന് കേരളം വഴിയൊരുക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്.