ഡല്‍ഹി: മണിപ്പൂര്‍ കലാപത്തിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതും കൈയേറ്റം ചെയ്യപ്പെട്ടതുമായ സ്വത്തുക്കളുടെ വിവരം മുദ്രവച്ച കവറില്‍ നല്‍കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പൂര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇത്തരം കേസുകളില്‍ പ്രതികള്‍ക്കെതിരെ എടുത്ത നടപടികള്‍ വിശദീകരിക്കാനും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 20 ന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പൂര്‍ണമായും ഭാഗികമായും കത്തിനശിച്ച കെട്ടിടങ്ങള്‍, കൊള്ളയടിക്കപ്പെട്ട വീടുകള്‍, കൈയേറിയതും അതിക്രമിച്ച് കയറിയതുമായ കെട്ടിടങ്ങള്‍ എന്നിവയുടെ വിശദമായ കണക്ക് നല്‍കണം. ഈ സ്വത്തുക്കളുടെ യഥാര്‍ത്ഥ ഉടമസ്ഥരുടെ പേരും വിലാസവും ആ സ്വത്തുക്കള്‍ ഇപ്പോള്‍ ആരുടെ കൈവശമാണ് എന്നതും ഉള്‍പ്പെടുന്നതാകണം റിപ്പോര്‍ട്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
മണിപ്പൂരിലെ ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ കാര്യങ്ങളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഗീതാ മിത്തല്‍ കമ്മീഷന് ഇതുവരെ 34 ഓളം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതായി കമ്മീഷന് അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഇത് തുടര്‍ നടപടികള്‍ക്കായി കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന താത്കാലിക, സ്ഥിരം ഭവനനിര്‍മാണത്തിന് തുക അനുവദിക്കുന്നത് പരിഗണിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.