ന്യൂഡൽഹി: മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡുകൾ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് മനു ഭാകറും , ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷും അവാർഡ് ഏറ്റുവാങ്ങി. ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരീസ് പാരാലിമ്പിക്സിൽ ഹൈജമ്പിൽ സ്വർണം നേടിയ പ്രവീൺ കുമാർ എന്നിവർക്കും ഖേല്‍രത്ന നൽകി ആദരിച്ചു.
കഴിഞ്ഞ വർഷം സിംഗപ്പൂരിൽ നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ചൈനയിൽ നിന്നുള്ള ഡിംഗ് ലിറനെ പരാജയപ്പെടുത്തിയാണ് ഡി ഗുകേഷ് ലോക ചെസ്സ് ചാമ്പ്യനായി മാറിയത്. 2024 പാരിസ് ഒളിംപിക്സിലെ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും ,എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തിലും വെങ്കലം നേടിയ ആദ്യ ഇന്ത്യന്‍ അത്ലറ്റാണ് മനു ഭാകര്‍. കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ, മന്ത്രി കിരണ്‍ റിജിജു , കായിക സെക്രട്ടറി സുജാത ചതുര്‍വേദി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.