തിയറ്ററുകളില്‍ വലിയ വിജയം നേടിയ ഉണ്ണിമുകുന്ദൻ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷൻ (സിബിഎഫ്സി) പ്രദര്‍ശനാനുമതി നിഷേധിച്ചു. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു.
യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ സാധിക്കാത്ത അത്രയും വയലൻസ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. സിനിമയിലെ കൂടുതൽ സീനുകൾ വെട്ടി മാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ ‘മാർക്കോ’ ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമാണ് ചിത്രം. ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചിരുന്നു.