ന്യൂഡല്‍ഹി: വിവാഹബന്ധത്തിലെ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ഇത് നിയമവിഷയത്തേക്കാള്‍ സാമൂഹികമായ വിഷയമാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു. കൂടിയോലോചനകള്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി.
വൈവാഹിക ബലാത്സംഗം എന്നത് നിയമപരമായ പ്രശ്നത്തേക്കാള്‍ കൂടുതല്‍ സാമൂഹിക പ്രശ്നമാണെന്നും അത് സമൂഹത്തെ നേരിട്ട് ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. എല്ലാ പങ്കാളികളുമായും ശരിയായ കൂടിയാലോചന നടത്താതെയോ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയോ ഈ പ്രശ്നത്തില്‍ തീരുമാനിക്കാന്‍ കഴിയില്ല. വിഷയത്തില്‍ ബലാത്സംഗവിരുദ്ധ നിയമപ്രകാരം ഒരാളെ ശിക്ഷിക്കുന്നത് അതിരുകടന്നതാണെന്നും കേന്ദ്രം വാദിച്ചു.