നോര്‍വീജിയന്‍ രാജകുമാരി മാര്‍ത്ത ലൂയിസും,കാമുകനും സ്വയംപ്രഖ്യാപിത മന്ത്രവാദിയുമായ ഡുറെക് വെറിറ്റുമായുള്ള വിവാഹം ഈ ആഴ്ചയില്‍ നടക്കും.യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായ നോര്‍വേയിലെ ഗായ്ഗംഗരില് നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം.2022 നവംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
സ്വീഡിഷ് രാജകുടുംബത്തിലെ ഒരംഗം ഉള്‍പ്പെടെ സെലിബ്രിറ്റികളുടെ നീണ്ടനിരതന്നെ വിവാഹത്തിനെത്തിയിരുന്നു.മലനിരകള്‍ക്കിടയിലുള്ള ഉള്‍ക്കടലുകള്‍ക്ക് പ്രസിദ്ധമായ ഗായ്ഗംഗറിലേക്കുള്ള യാത്രയ്ക്കൊടുവില്‍ മാര്‍ത്തയും ഡുറെക്കും വിവാഹിതരാകും.നോര്‍വേ രാജാവിൻ്റെ മൂത്തപുത്രിയാണ് 52 കാരിയായ മാര്‍ത്ത.ഹോളിവുഡിന്റെ ആത്മീയഗുരുവായിരുന്ന ഡുറെക്കിന് 49 വയസ്സാണ് പ്രായം. 2020 ല്‍ വാനിറ്റി ഫെയറിന് നല്കിയ അഭിമുഖത്തില്‍ താന്‍ 28-മത്തെ വയസ്സില്‍ മരിച്ചുപോയതാണെന്ന് ഡുറെക് അവകാശപ്പെട്ടിരുന്നു. നാലുമിനിറ്റോളം ആന്തരാവയവങ്ങള്‍ നിലച്ചതായും ആ നേരത്ത് നിരവധി കത്തികള്‍ തന്റെ ശരീരത്തില്‍ കുത്തിക്കയറുന്നതനുഭവിച്ചതായും തന്റെ മുത്തശ്ശി തന്നോട് സംസാരിച്ചതായും ഡുറെക് പറഞ്ഞിരുന്നു.
ഹോളിവുഡിലെ നിരവധി താരങ്ങളുടെ ആത്മീയോപദേഷ്ടാവാണ് ഡുറെക്. നിരവധി വിവാദ ആരോഗ്യഉപദേശങ്ങളിലൂടെ മുറിവൈദ്യന്‍ എന്ന ലേബലും ഡുറെക് നേടി. ഇത്രയധികം വിവാദങ്ങളുണ്ടായിട്ടും മാര്‍ത്ത ഡുറെക്കിനോടൊപ്പം നിലയുറപ്പിച്ചു. 2019ല്‍ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മാര്‍ത്ത ഡുറെക്കുമായുള്ള പ്രണയബന്ധം വെളിപ്പെടുത്തിയത്. വിവാഹമോചിതയും മൂന്ന് പെണ്‍കുട്ടികളുടെ അമ്മയുമായ മാര്‍ത്തയും ചില സമാന്തരചികിത്സാരീതികള് നടത്തിവരുന്നുണ്ട്. തനിക്ക് മാലാഖമാരുമായി സംസാരിക്കാന്‍ സാധിക്കുമെന്നും മാര്‍ത്ത അവകാശപ്പെടുന്നു. ചില വിവാദ പുസ്തകങ്ങളും മാര്‍ത്ത രചിച്ചിട്ടുണ്ട്.