കുടക്: ഭാര്യയെയും മകളെയും ഉൾപ്പടെ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ കുടകിലാണ് സംഭവം. വയനാട് തിരുനെല്ലി സ്വദേശിയായ ഗിരീഷാണ് കുടുംബത്തെ കൊലപ്പെടുത്തിയത്. ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കരിയ (75), മാതാവ് ഗൗരി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. അവിടെ നിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്. മദ്യലഹരിയിൽ ആണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് സൂചന.
വ്യാഴാഴ്ച വൈകീട്ട് കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. കൃത്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഭാര്യയെയും മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതി തലപ്പുഴയിൽ ഒളിവിൽ കഴിയുകയാണെന്ന് പൊലീസിന് വ്യക്തമായി. ഇതോടെ പൊന്നമ്പേട്ട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.