കിന്‍ഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ നഗരമായ ബുക്കാവുവില്‍ എം23 വിമത നേതാവ് കോര്‍ണിലി നംഗ നടത്തിയ ബഹുജന റാലിയില്‍ ആക്രമണം. വെടിവെപ്പും സ്ഫോടനവും ഉണ്ടായതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ടവരുടെ എണ്ണം സംബന്ധിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല.
പ്രസിഡന്റ് ഫെലിക്സ് ഷിസെകെദിയാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് കോര്‍ണിലി നംഗ ആരോപിച്ചു. തനിക്ക് പരിക്കേറ്റിട്ടില്ലെന്നും കിഴക്കന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിന് നേതൃത്വം കൊടുത്ത വിമത ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ സുരക്ഷിതരാണെന്നും നംഗ വ്യക്തമാക്കി.
ഈയടുത്താണ് എം23 വിമത ഗ്രൂപ്പ് ബുക്കാവു പിടിച്ചെടുത്തത്. അതെസമയം കോംഗോയിലും സമീപത്തും വിമത മുന്നേറ്റം യുദ്ധഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ഒട്ടേറെ ആളുകളാണ് ആക്രമണങ്ങളെ ഭയന്ന് വീടും നാടും ഉപേക്ഷിച്ച് പോയത്.
കോംഗോയിലെ മറ്റൊരു വിമത സംഘമായ എ.ഡി.എഫ് ആക്രമണത്തില്‍ നോര്‍ത്ത് കിവുവിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ 70 പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സംഘടനയായ എ.ഡി.എഫ് കോംഗോയിലും ഉഗാണ്ടയിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നു.