നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം ഒന്നര വർഷക്കാലം മാത്രം അവശേഷിക്കെ കോൺഗ്രസിനുള്ളിൽ ഒതുക്കൽ പരിപാടികളും തകൃതിയായി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് കോൺഗ്രസിന് വിജയിച്ചു കയറുവാൻ കഴിഞ്ഞത്. എല്ലാവരും ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു കായംകുളം മണ്ഡലത്തിലേത്. സിറ്റിംഗ് എംഎൽഎ ആയിരുന്ന യു പ്രതിഭയെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബു ശക്തമായ മത്സരത്തിലൂടെ വിറപ്പിച്ചിരുന്നു. പരാജയം നേരിട്ടെങ്കിലും അരിത ഇടതുകോട്ടകളെ വിറപ്പിക്കുകയായിരുന്നു. കെ സി വേണുഗോപാലിന്റെ ഒപ്പം നിൽക്കുന്ന അരിതയെ തന്നെ വീണ്ടും മണ്ഡലത്തിൽ പരിഗണിക്കുന്നതിനുള്ള സാധ്യതകൾക്കിടയിലാണ് അവർക്കെതിരെ പല ആരോപണങ്ങളും ഇപ്പോൾ ഉയർന്നുവരുന്നത്.
കഴിഞ്ഞദിവസം യൂത്ത്കോൺഗ്രസിന്റെ സമരങ്ങളുമായി ബന്ധപ്പെട്ട് അരിത തന്റെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ വന്ന ഒരു കമന്റ് ആണ് ഇപ്പോഴത്തെ ചർച്ച വിഷയം. യൂത്ത്കോൺഗ്രസ് മാർച്ചിനിടയിൽ പോലീസ് അക്രമത്തിൽ പരിക്കേറ്റ മേഘ രഞ്ജിത്ത് എന്ന ജില്ലാ സെക്രട്ടറിയുടെ ചികിത്സയ്ക്കായി എട്ടു ലക്ഷം രൂപ സമാഹരിച്ച് നൽകിയതായി അരിതയുടെ ഫേസ്ബുക്ക് കുറിപ്പിൽ ഉണ്ടായിരുന്നു. എന്നാൽ തനിക്ക് ആ തുക ലഭിച്ചില്ലെന്നും ഇടയിൽനിന്ന് ആരാണ് അത് വാങ്ങിയെന്ന് വ്യക്തമാക്കണമെന്നുമുള്ള മേഘ രഞ്ജിത്തിന്റെ കമന്റ് അരിതയേയും പാർട്ടിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞവർഷം ജനുവരി 15ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ആയിരുന്നു മേഘയ്ക്ക് ഗുരുതരമായ പരിക്കുപറ്റിയത്. ആ സംഭവം കഴിഞ്ഞ് കൃത്യം ഒരു വർഷം പിന്നിടുമ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അരിത ഇട്ടിരിക്കുന്ന കുറിപ്പാണ് വലിയ വിവാദത്തിന് വഴി വെച്ചിരിക്കുന്നത്. അന്നത്തെ മാർച്ചിനുശേഷം മാസങ്ങളോളം മേഘ ആശുപത്രിയിൽ തന്നെ തുടർന്നിരുന്നു. ആശുപത്രി വിട്ടിട്ടും അവർക്ക് ജോലി ചെയ്യുവാനും മറ്റും കഴിയുന്ന സ്ഥിതിയും ആയിരുന്നില്ല. ഇതോടെ പാർട്ടിയുടെ പല നേതാക്കളും സംഘടനകളും അവർക്കുനേരെ സഹായഹസ്തവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പലതോതിലുള്ള പണപ്പിരിവുകളും ഇതുമായി ബന്ധപ്പെട്ട് നാട്ടിൽ വിദേശത്തും നടക്കുകയും ചെയ്തു.
അരിത ബാബു സദുദ്ദേശത്തോടെ ഇട്ട കുറിപ്പ് വിവാദമായതിന് പിന്നിൽ കോൺഗ്രസിലെ പടപ്പുറപ്പാടുകൾ ആണെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂരുകാരനായ കെ സി വേണുഗോപാൽ ഇന്ന് ആലപ്പുഴയിലെയും കേരളത്തിലെയും രാജ്യത്തെയും കോൺഗ്രസിന്റെ നായകനാണ്. തീർത്തും അത്ഭുതകരമായ വളർച്ചയാണ് കെ സി എന്ന നേതാവ് രാഷ്ട്രീയ മണ്ഡലത്തിൽ നടത്തിയത്. ഇതിൽ കേരളത്തിലെ പല നേതാക്കൾക്കും അതൃപ്തിയുണ്ട്. അരിതയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നത് കെസിയുടെ ഇടപെടലുകൾ ആയിരുന്നു. പൊതുവേ രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പിനൊപ്പം നിലകൊള്ളാറുള്ള ജില്ലയായിരുന്നു ആലപ്പുഴ. എന്നാൽ കെ സി പിടിമുറുക്കിയതോടെ സമവാക്യങ്ങൾ ആകെ മാറി. ഇതിന്റെ അരിശം ഐ ഗ്രൂപ്പ് നേതാക്കൾക്ക് അരിത ഉൾപ്പെടെയുള്ളവരോട് ഉണ്ടെന്നതാണ് യാഥാർത്ഥ്യം. ഈ ഗ്രൂപ്പ് നേതാക്കളും നിലവിൽ മൗനം തുടരുകയാണ്.
കഴിഞ്ഞ ആഴ്ച കായംകുളം മണ്ഡലത്തിലെ ഒരു യൂത്ത്കോൺഗ്രസ് പരിപാടിയിൽ അരിതയെക്കാൾ പ്രസക്തി മറ്റൊരു യൂത്ത്കോൺഗ്രസ് ഭാരവാഹിക്ക് നൽകുകയും ചെയ്തിരുന്നു. അടുത്ത തവണ അരിതയെ വെട്ടി മത്സരിക്കുവാൻ ഇരിക്കുന്നവരും ഇപ്പോഴത്തെ ഫണ്ട് വിവാദത്തെ സുവർണ അവസരമായാണ് കാണുന്നത്. വളരെയധികം സാധാരണ വീട്ടിൽ നിന്നും ഉയർന്നുവന്ന് രാഷ്ട്രീയത്തിൽ തിളങ്ങിയ വ്യക്തിത്വമാണ് അരിത ബാബുവിന്റേത്. സ്ഥാനാർത്ഥിയായ സമയത്ത് തന്നെ അവരുടെ വീട്ടിലെ കഷ്ടപ്പാടുകളും ആത്മാർത്ഥതയും എല്ലാം വലിയതോതിൽ ചർച്ചയായിരുന്നു. ജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യതയുള്ള ഒരു വനിതാ യുവ നേതാവിനെ ഇത്തരത്തിൽ വളഞ്ഞിട്ട് ആക്രമിക്കുന്നതിനുള്ള നീക്കങ്ങളിൽ പാർട്ടിക്കുള്ളിൽ തന്നെ വിമത സ്വരങ്ങളും ഉയരുന്നുണ്ട്. അരിതയ്ക്ക് കെ സിയുടെ പിന്തുണ ഒന്നുമാത്രം മതി കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്നതിന്. ആ ധൈര്യത്തിൽ തന്നെയായിരിക്കും അരിത പോസ്റ്റ് നീക്കം ചെയ്യാതെ മുന്നോട്ടുപോകുന്നതും. മേഘ എന്തായാലും സ്വയമേ അത്തരമൊരു കമന്റുമായി രംഗത്ത് വരുവാനുള്ള സാധ്യതയില്ലെന്ന് എല്ലാവരും ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വരുമ്പോൾ മേഘയിലൂടെ അരിതയെ ലക്ഷ്യം വെക്കുന്നവർക്ക് അജണ്ടകൾ ഏറെയാകും.